വക്കം: തീരദേശ പഞ്ചായത്തുകളിൽ പൊതുശ്മശാനം ഇല്ലാത്തത് ജനത്തെ വലയ്ക്കുന്നു. ചിറയിൻകീഴ്, അഞ്ചുതെങ്ങ്, കടയ്ക്കാവൂർ, വക്കം ഗ്രാമ പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് പൊതുശ്മശാനം നിർമ്മിക്കാൻ ഭൂമി കണ്ടെത്താൻ കഴിയാത്തതാണ് പ്രശ്നത്തിന് കാരണം. അഥവാ സ്ഥലം കണ്ടുപിടിച്ചാൽ തന്നെ പ്രദേശവാസികൾ പദ്ധതിക്കെതിരെ പ്രതിഷേധിക്കുമെന്ന വാദമുന്നയിച്ചാണ് അധികൃതർ തലയൂരുന്നത്. മഴക്കാലങ്ങളിൽ വെള്ളപ്പൊക്കഭീഷണി നിലനില്‍ക്കുന്ന മേഖലകളാണ് ഈ നാല് പഞ്ചായത്തുകളും. ഭൂരിപക്ഷം പ്രദേശങ്ങളിലും വെള്ളം കയറിക്കഴിഞ്ഞാൽ ആഴ്ചകളോളമാണ് മലിനജലം തങ്ങിനിൽക്കുന്നത്. ഈ സന്ദർഭങ്ങളിൽ മരണപ്പെടുന്നവരുടെ മൃതദേഹങ്ങൾ മതാചാര പ്രകാരം ദഹിപ്പിക്കാനോ മറവുചെയ്യാനോ കഴിയാറില്ല. മാത്രവുമല്ല സ്വന്തമായി ഭൂമിയില്ലാത്തവരും ഉള്ള ഭൂമിയിൽ അതിനുള്ള സൗകര്യം ഇല്ലാത്തവരുമാണ് ഇക്കൂട്ടത്തിലുള്ളത്.
സ്ഥലം കിട്ടാനില്ല
വാജ്‌പേയ് ഗവൺമെന്റിന്റെ ഭരണകാലത്ത് പഞ്ചായത്തുതല വികസന പദ്ധതിരേഖകൾ തയാറാക്കുമ്പോൾ നിർബന്ധമായും പൊതു ശ്മശാനം ഒരു പദ്ധതിയായി ഉൾപ്പെടുത്തണമെന്ന നിർദ്ദേശം ഉണ്ടായിരുന്നു. എന്നാൽ ചിറയിൻകീഴ് അഞ്ചുതെങ്ങ്, കടയ്ക്കാവൂർ, വക്കം ഗ്രാമ പഞ്ചായത്തുകൾ അക്കാലത്തെ ഓരോ പദ്ധതിരേഖകളിലും പൊതുശ്മശാനം ഉൾപ്പെടുത്തുകയും പദ്ധതിരേഖ പാസാക്കിയശേഷം സ്ഥലം കണ്ടെത്താൻ കഴിയുന്നില്ലെന്ന ന്യായീകരണമാണ് നൽകുന്നത്.
സ്ഥലവും പോയി
കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാർഡിൽ പൊതുശ്മാശാനം നിർമ്മിക്കാൻ 25 സെന്റോളം ഭൂമി കണ്ടെത്തിയിരുന്നു. എന്നാൽ പുതിയ ഭരണസമിതി അവിടെ ഹരിതകർമ്മ സേനയുടെ പ്ലാസ്റ്റിക് മാലിന്യ ശേഖരണത്തിനുള്ള സ്ഥലമാക്കി. ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിൽ പൂവിളക്കുന്നിൽ ഒരേക്കറോളം പുരയിടം കിഴിവിലം - ചിറയിൻകീഴ് ഗ്രാമ പഞ്ചായത്തുകളുടെ അധീനതയിൽ ശവ സംസ്കാരങ്ങൾക്കും മറ്റുമായി മുൻകാലങ്ങളിൽ ഉപയോഗിച്ചിരുന്നു. എന്നാൽ പിന്നീട് ഈ പ്രദേശം അങ്കണവാടിക്കും സ്വന്തമായി ഭൂമിയില്ലാത്ത ഏതാനും ചില കുടുംബങ്ങൾക്ക് വീടുവയ്ക്കാനായി പട്ടയം നൽകുകയും ചെയ്തു.
നിലവിൽ ഈ മേഖലയിൽ 35 സെന്റോളം വസ്തു ആധുനിക സജ്ജീകരണങ്ങളോടുകൂടിയ പൊതു ശ്മശാനനിർമ്മാണത്തിനായി നീക്കിവച്ചെങ്കിലും നിർമ്മാണം നടന്നില്ല.
തുകയുണ്ട്; പക്ഷേ...
കഴിഞ്ഞ വർഷക്കാലങ്ങളെന്നപോലെ ബഡ്ജറ്റിൽ ഒരു ചെറിയ തുക പേരിനുവേണ്ടി വകയിരുത്തിയിട്ടുണ്ടെങ്കിലും പദ്ധതിക്കായി ഇതുവരെ പ്രവർത്തനങ്ങളൊന്നും ഉണ്ടായിട്ടില്ല. മാത്രവുമല്ല, ആരെങ്കിലും ഭൂമി സൗജന്യമായി നൽകുകയാണെങ്കിൽ പൊതുശ്മാശാനം നിർമ്മിക്കാമെന്ന നിലപാടിലാണ് കാലങ്ങളായി വക്കം ഗ്രാമ പഞ്ചായത്തിന്റെ തീരുമാനം.