തിരുവനന്തപുരം: മൂന്ന് വയസുകാരന്റെ ശരീരത്തിൽ തിളച്ച ചായ വീണ് പൊള്ളലേറ്റ സംഭവത്തിൽ മുത്തച്ഛനെ വിട്ടയച്ചു. സംഭവം നടക്കുന്ന സമയത്ത് മുത്തച്ഛൻ വീട്ടിൽ ഇല്ലായിരുന്നെന്ന് വ്യക്തമായതിനെ തുടർന്നാണ് വിട്ടയച്ചത്. കുട്ടി ജുവനൈൽ ജസ്റ്റിസ് ബോർ‌ഡ് ജഡ്ജിക്ക് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കുടപ്പനക്കുന്ന് സ്വദേശിയായ മുത്തച്ഛൻ വിജയകുമാറിനെ (ഉത്തമൻ, 49) കഴിഞ്ഞദിവസം മണ്ണന്തല പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ, സി.സി.ടി.വി പരിശോധനയിൽ കുട്ടിക്ക് പൊള്ളലേൽക്കുന്ന സമയം വിജയകുമാർ മണ്ണന്തല കവലയിലുള്ള ബസ് ഷെഡിലായിരുന്നെന്ന് കണ്ടെത്തി. കുട്ടിയുടെ കൈതട്ടി അബദ്ധത്തിൽ ചായ മറിഞ്ഞതാണെന്നാണ് പൊലീസിന്റെ നിഗമനം. വിജയകുമാറിനോട് ഇന്ന് രാവിലെ 10ന് സ്റ്റേഷനിൽ ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്.

വട്ടിയൂർക്കാവ് സ്വദേശിയായ ദമ്പതികളുടെ മകനാണ് പൊള്ളലേറ്റത്. കുട്ടി മുത്തച്ഛന്റെയും മുത്തശ്ശി അനിതാദേവിയുടെയും കൂടെയായിരുന്നു താമസം. മാതാപിതാക്കൾക്ക് ജോലിക്ക് പോകേണ്ടതിനാൽ കുട്ടിയെ മുത്തശ്ശിയെയാണ് ഏൽപ്പിച്ചിരുന്നത്. ഈ മാസം 24നാണ് കുട്ടിക്കെതിരെ ആക്രമണമുണ്ടായതെന്നും മുത്തശ്ശിയുടെ രണ്ടാം ഭർത്താവായ വിജയകുമാർ നേരത്തെയും കുട്ടിയെ ആക്രമിക്കാറുണ്ടായിരുന്നെന്നുമായിരുന്നു പിതാവിന്റെ മൊഴി. കുട്ടിയെ ആക്രമിച്ചത് സംബന്ധിച്ച് ചൈൽഡ് ലൈൻ വഴി പരാതി നൽകിയിട്ടും കേസെടുത്തില്ലെന്നും പിതാവ് ആരോപിച്ചു. വിജയകുമാറും കുട്ടിയുടെ മാതാപിതാക്കളും തമ്മിൽ കുടുംബപ്രശ്നങ്ങളുണ്ടെന്നും സൂചനയുണ്ട്. ഗുരുതരമായി പരിക്കേറ്റ കുട്ടി എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിലാണ്.