pinaryi-

തിരുവനന്തപുരം: സംസ്ഥാനത്തെ തൊഴിലില്ലായ്‌മ നിരക്ക് കുറഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. 2018ൽ നിന്ന് 2023ലെത്തുമ്പോൾ 4.4 ശതമാനത്തിന്റെ കുറവുണ്ട്. നിലവിൽ 7 ശതമാനമാണ് തൊഴിലില്ലായ്‌മ നിരക്ക്.

എംപ്ലോയ്‌മെന്റ് എക്‌സേഞ്ചുകളിൽ 2024 മാർച്ച് 31 വരെ 26,55,736 ഉദ്യോഗാർത്ഥികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കെ ഡിസ്‌കിന്റെ കീഴിൽ രൂപീകരിച്ച കേരള നോളജ് ഇക്കണോമി മിഷന്റെ നേതൃത്വത്തിൽ അഞ്ച് വർഷത്തിനുള്ളിൽ 20 ലക്ഷം തൊഴിലവസരമുണ്ടാക്കും.

മിഷന്റെ പോർട്ടലിൽ ഇതുവരെ രജിസ്റ്റർ ചെയ്ത 17,02,710 പേരിൽ 38317 പേർക്ക് ഡിജിറ്റൽ വർക്ക്‌ഫോഴ്സ് മാനേജ്‌മെന്റ് സിസ്റ്റം വഴി തൊഴിൽ നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി.

വിദേശത്ത് പോകുന്ന

വിദ്യാർത്ഥികളുടെ എണ്ണം കൂടി

ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷന്റെ നേതൃത്വത്തിൽ 20,000 പ്രവാസികുടുംബങ്ങളിൽ നടത്തിയ സർവേ പ്രകാരം വിദേശത്ത് പോകുന്ന വിദ്യാർത്ഥികളുടെ എണ്ണം 2018ൽ 1,29,763 ആയിരുന്നത് 2023ൽ 2,50,3000 ആയി ഉയർന്നു. ഇത് ആകെ പ്രവാസികളുടെ 11.3 ശതമാനമാണെന്ന് സർവേയിൽ കണ്ടെത്തിയെന്നും മുഖ്യമന്ത്രി രേഖാമൂലം അറിയിച്ചു. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസത്തിനുള്ള സാദ്ധ്യതകൾ മികവുറ്റതല്ലെന്ന കാരണത്താലല്ല വിദ്യാർത്ഥികൾ വിദേശത്ത് പോകുന്നത്. ഗുണമേന്മയുള്ള ഉപരിപഠനം ലക്ഷ്യമിടുന്ന വിദ്യാർത്ഥികളെ സർക്കാർ പ്രോത്സാഹിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.