തിരുവനന്തപുരം: പേട്ട പള്ളിമുക്കിലും ഭഗത്‌സിംഗ് റോഡ് ക്രോസ് ഡിയിലും (പുലിക്കോട് ലെയിൻ) ഡ്രെയിനേജ് പൊട്ടിയൊഴുകുന്നത് മഴവെള്ളം നിറഞ്ഞ് ഒഴുകിയതിനാലെന്ന് വാട്ടർ അതോറിട്ടി അധികൃതർ പറഞ്ഞു. വീടുകളിലും റോഡുകളിൽ നിന്നുമുള്ള മഴവെള്ളം കൂടുതലും ഡ്രെയിനേജ് പൈപ്പിലൂടെയാണ് ഒഴുകുന്നത്. ഇത് നിലവിലുള്ള പൈപ്പുകൾക്ക് താങ്ങാനാവുന്നതല്ല.മഴവെള്ളം നിറഞ്ഞ് താഴ്ന്ന പ്രദേശങ്ങളിലെ മാൻഹോളിലൂടെ കവിഞ്ഞൊഴുകുന്നതാണ് റോഡിലൂടെ പുറത്തേക്കെത്തുന്നത്. പള്ളിമുക്ക് - കണ്ണമ്മൂല റോഡിൽ പൊട്ടിയ ഡ്രെയിനേജ് പൈപ്പുകൾ മാറ്രുന്നത് തുടരുകയാണ്. ഈ ഭാഗങ്ങളിൽ പൂഴിമണ്ണായതിനാൽ ട്രഞ്ച് ഉണ്ടാക്കുന്നത് ഇടിയുന്ന സാഹചര്യമാണുള്ളത്. ചോർച്ച കണ്ടെത്തുന്നതിനുള്ള പ്രവർത്തനങ്ങളെയും ബാധിച്ചിട്ടുണ്ട്. നിലവിൽ പൈപ്പുകളിൽ നിറഞ്ഞിരിക്കുന്ന മഴവെള്ളം പമ്പ് ചെയ്ത് മാറ്റുന്നതിനനുസരിച്ച് പൊട്ടിയ പൈപ്പുകൾ മാറ്റുകയും ചോർച്ചയുള്ളത് പരിഹരിക്കുകയും ചെയ്യും. വീടുകളിൽ നിന്നുള്ള മഴവെള്ളം ഡ്രെയിനേജ് പൈപ്പിൽ കയറാത്ത വിധത്തിൽ ക്രമീകരണമുണ്ടായാൽ മാത്രമേ ഇക്കാര്യത്തിൽ ശാശ്വത പരിഹാരമുണ്ടാക്കാനാകൂവെന്നും പാറ്റൂർ ഡിവിഷൻ സീവേജ് സെക്ഷൻ 2 അധികൃതർ പറഞ്ഞു.
ഡ്രെയിനേജ് പൊട്ടിയൊഴുകുന്നതുമൂലം പ്രദേശത്ത് പകർച്ചവ്യാധി പിടിപെടുന്ന സാഹചര്യമാണുള്ളതെന്ന് ചൂണ്ടിക്കാട്ടി ഭഗത്‌സിംഗ് റോഡ് റസിഡന്റ്സ് അസോസിയേഷൻ രംഗത്തെത്തിയിരുന്നു. ഇതു കൂടാതെ പള്ളിമുക്ക് പൊലീസ് സ്റ്റേഷൻ പരിസരത്തും ഡ്രെയിനേജ് പൈപ്പിൽ നിന്ന് വെള്ളം കവിഞ്ഞൊഴുകിയത് ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കിയിരുന്നു.