തിരുവനന്തപുരം: ട്രെയിലർ പുറത്തിറങ്ങിയപ്പോൾ മുതലുള്ള കാത്തിരിപ്പ് വെറുതേയായില്ലെന്ന് 'പട്ടാപ്പകൽ" എന്ന സിനിമ കണ്ട പ്രേക്ഷകർ ഒന്നടങ്കം പറയുന്നു. പ്രേക്ഷകർ ഇരുകൈയുംനീട്ടി സ്വീകരിച്ച കോശിച്ചായന്റെ പറമ്പ് എന്ന സിനിമയ്ക്കുശേഷം സാജിർ സദഫ് സംവിധാനം ചെയ്ത 'പട്ടാപ്പകൽ" കുടുംബസദസിനെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും തീയേറ്ററുകൾ ഇളക്കിമറിക്കുകയാണ്.

ഒരു നഗരത്തിൽ ഒരു രാത്രി നടക്കുന്ന മോഷണത്തിന്റെ പശ്ചാത്തലത്തിൽ സമൂഹത്തിലെ വ്യത്യസ്ത തുറകളിലെ മനുഷ്യരുടെ കഥയിലൂടെയാണ് സിനിമ പുരോഗമിക്കുന്നത്. ചില സീനുകളിൽ വന്നുപോകുന്ന വിന്റേജ് മോഡൽ കാറും ബൈക്കും വരെ സിനിമയ്ക്ക് കൊഴുപ്പേകുന്നു. കേന്ദ്രകഥാപാത്രങ്ങളായി എത്തിയ എസ്.വി. കൃഷ്ണശങ്കർ, കിച്ചു ടെല്ലസ്, സുധി കോപ്പ എന്നിവർ റോളുകൾ മികവുറ്റതാക്കി. രമേഷ് പിഷാരടി, ജോണി ആന്റണി, ഗോകുലൻ, ഫ്രാങ്കോ ഫ്രാൻസിസ്, പ്രശാന്ത് മുരളി, വിനീത് തട്ടിൽ, രഞ്ജിത്ത് കൊങ്കൽ, രഘുനാഥ്, വൈശാഖ് വിജയൻ, ഗീതി സംഗീത, ആമിന, സന്ധ്യ എന്നിവരും തങ്ങൾക്ക് ലഭിച്ച കഥാപാത്രങ്ങളെ ഗംഭീരമാക്കി. ശ്രീ നന്ദനം ഫിലിംസിന്റെ ബാനറിൽ എൻ. നന്ദകുമാർ നിർമ്മിച്ച ചിത്രത്തിന് തിരക്കഥ ഒരുക്കിയത് പി.എസ്. അർജുനാണ്. കെട്ടുറപ്പുള്ള തിരക്കഥ അവതരണത്തിന് കരുത്തേകി. കഥയ്ക്ക് അനുയോജ്യമായ പശ്ചാത്തലസംഗീതം രംഗങ്ങളെ ഉദ്വേഗജനകമാക്കുന്നു. ജസൽ സഹീർ ചിത്രസംയോജനം കൈകാര്യം ചെയ്ത സിനിമയിൽ ഷാൻ റഹ്മാനാണ് സംഗീതം ഒരുക്കിയത്. ഏറ്റുപാടാൻ തോന്നുന്ന തരത്തിലെ മനു മഞ്ജിത്തിന്റെ വരികളും ആസ്വാദകർ നെഞ്ചേറ്റിക്കഴിഞ്ഞു.