കുഴിത്തുറ : കളിയിക്കാവിളയ്ക്ക് സമീപം കാറിൽ വച്ച് ക്രഷർ ഉടമ മലയിൻകീഴ് സ്വദേശി ദീപുവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അമ്പിളിയുടെ കൂട്ടാളിയും നെയ്യാറ്റിൻകര സ്വദേശിയുമായ പ്രദീപ് ചന്ദ്രന്റെ അറസ്റ്റ് കളിയിക്കാവിള പൊലീസ് രേഖപ്പെടുത്തി.എന്നാൽ പ്രദീപ് ചന്ദ്രന്റെ മുതലാളിയായ സുനിൽ കുമാറിനെ പിടി കൂടാൻ സാധിച്ചിട്ടില്ല.
പ്രദീപ് ചന്ദ്രനെ പിടി കൂടിയത് നെയ്യാറ്റിൻകര ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ്. കൂടാതെ ഇന്നലെ പാറശ്ശാല സ്വദേശികളായ രണ്ടു പേരെ കൂടി തമിഴ്നാട് പൊലീസിന്റെ പ്രത്യേക സംഘം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.സുനിൽകുമാറിന്റെ കാർ രണ്ട് ദിവസങ്ങൾക്ക് മുൻപ് പാറശ്ശാലയിലെ സർവീസ് സെന്ററിൽ കിടന്നതായി പ്രത്യേക സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സർവീസ് സെന്റർ
ഉടമയെയും മറ്റൊരാളായും പൊലീസ് കസ്റ്റഡിയിലെടുത്തത്..ഇവരെ വിശദമായി ചോദ്യം ചെയ്ത് വരുകയാണ്.ശേഖരിച്ച സി.സിടിവി ദൃശ്യങ്ങളുടെ അടിസ്ഥാത്തിലാണ് ചോദ്യം ചെയ്യൽ.വേണ്ടി വന്നാൽ സ്ഥലത്ത് കൂടി പോയി ചോദ്യം ചെയ്യും.
അമ്പിളിയെ
കസ്റ്റഡിയിൽ വാങ്ങും
കൊലക്കേസിൽ അറസ്റ്റിലായ പ്രതി അമ്പിളിയുടെ മൊഴിയിൽ തൃപ്തരല്ലാത്ത തമിഴ്നാട് പൊലീസ് അമ്പിളിയെ അഞ്ചു ദിവസം കസ്റ്റഡിയിലെടുത്ത് വിചാരണ ചെയ്യാൻ കുഴിത്തുറ മജിസ്ട്രേറ്റിന് അപേക്ഷ നൽകി. പ്രദീപ് ചന്ദ്രനെ ഇന്നലെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു. നിലവിൽ പ്രതി പട്ടികയിൽ മൂന്നു പേരെയാണ് ചേർത്തിട്ടുള്ളത്. അമ്പിളിയും, സുനിൽ കുമാറും, പ്രദീപ് ചന്ദ്രനും.
കാണാമറയത്തോ
സുനിൽകുമാർ
പ്രദീപ് ചന്ദ്രൻ സുനിൽ കുമാറിനൊപ്പം നെയ്യാറ്റിൻകരയിൽ നിന്ന് കാറിൽ അമ്പിളിയെ കളിയിക്കാവിളയിൽ എത്തിച്ചിരുന്നു. സുനിൽകുമാർ സംസ്ഥാനം വിട്ടതായും സംശയമുണ്ട്.ഫോൺ ടവർ ലോക്കേഷനുകൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. സുനിൽ കുമാർ ഉടൻ പിടിയിലാവുമെന്നും പ്രതികളെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്താൽ മാത്രമേ കൊലപാതകത്തിന്റെ പൂർണ്ണ വിവരം അറിയാൻ സാധിക്കുവെന്നുമാണ് പൊലീസ് പറഞ്ഞത്.കൊല്ലപ്പെട്ട ദീപുവിന്റെ കൈവശമുണ്ടായിരുന്ന 10 ലക്ഷം രൂപയിൽ 5 ലക്ഷം രൂപ ഇനി കണ്ടെത്താനുണ്ട്.അത് സുനിൽ കുമാറിന്റെ കൈവശമുള്ളതായാണ് പൊലീസിന്റെ നിഗമനം.