തിരുവനന്തപുരം: നാലു വർഷ ബിരുദ കോഴ്സുകൾക്ക് ജൂലായ് ഒന്നിന് 'വിജ്ഞാനോത്സവ'ത്തോടെ തുടക്കമാവും. സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരം ഗവ. വിമൻസ് കോളേജിൽ ഉച്ചക്ക് 12 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും

ഏകീകൃത അക്കാഡമിക് കലണ്ടർ പ്രകാരമായിരിക്കും എല്ലാ വാഴ്സിറ്റികളിലും ക്ലാസ്. യുജിസി നിർദ്ദേശിച്ച മിനിമം ക്രെഡിറ്റ്, കരിക്കുലം ഘടകങ്ങൾ അടിസ്ഥാനമാക്കിയാണ് കരിക്കുലം തയ്യാറാക്കിയതെന്ന് മന്ത്രി ആർ. ബിന്ദു വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മൂന്നു വർഷം കഴിയുമ്പോൾ ബിരുദം നേടി എക്സിറ്റ് ചെയ്യാനും, താൽപര്യമുള്ളവർക്ക് നാലാം വർഷം തുടർന്ന് ഓണേഴ്സ് ബിരുദം നേടാനും, റിസർച്ച് താൽപര്യമൂള്ളവർക്ക് ഓണേഴ്‌സ് വിത്ത് റിസർച്ച് ബിരുദം നേടാനും കഴിയും. വിദേശത്തേതു പോലെ പൂർണ്ണമായും ക്രെഡിറ്റ് അടിസ്ഥാനമാക്കി വിദ്യാർഥിക്ക് സ്വന്തം അഭിരുചികളും ലക്ഷ്യങ്ങളും അനുസരിച്ച് വിഷയ കോമ്പിനേഷൻ തിരഞ്ഞെടുത്ത് സ്വന്തം ബിരുദഘടന രൂപകൽപന ചെയ്യാനാവും. എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും നൈപുണ്യവികസന കോഴ്സുകളും സ്‌കിൽ ഡെവലപ്മെന്റ് കേന്ദ്രങ്ങളും തുടങ്ങും. നാലുവർഷ ബിരുദ പ്രോഗ്രാം സംബന്ധിച്ച ഹാൻഡ് ബുക്ക് മന്ത്രി ബിന്ദു പ്രകാശനം ചെയ്തു.

ജൂലായ് ഒന്നിന് സംസ്ഥാനത്തെ കാമ്പസുകളിൽ നവാഗതരെ മുതിർന്ന വിദ്യാർഥികളുടെയും അധ്യാപകരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ വരവേൽക്കും. തുടർന്ന് നാലുവർഷ ബിരുദ പരിപാടിയെക്കുറിച്ചുള്ള ഓറിയന്റേഷൻ ക്ലാസും ഉണ്ടാവും. സംസ്ഥാനതല ഉദ്ഘാടനപരിപാടി എല്ലാ ക്യാമ്പസുകളിലും ലൈവ് സ്ട്രീം ചെയ്യും. തുടർന്ന് ക്യാമ്പസ് തല ഉദ്ഘാടനച്ചടങ്ങുകൾ നടക്കും.