
പൂവാർ: ഡി.എൻ.എ ഫലം വൈകുന്നതിനാൽ രാജസ്ഥാനിൽ ഹൃദയസ്തംഭനം മൂലം മരിച്ച ബി.എസ്.എഫ് ജവാന്റെ മൃതദേഹം ഏറ്റെടുക്കാനാവാതെ ബന്ധുക്കൾ.റീ പോസ്റ്റ്മോർട്ടത്തിൽ മരണകാരണം ഹൃദയസ്തംഭനമാണെന്ന് സ്ഥിരീകരിച്ചതായി ബന്ധുക്കൾ പറഞ്ഞു.പൂവാർ ചെക്കടി കുളംവെട്ടി എസ്.ജെ ഭവനിൽ ഡി.ശമുവേലിന്റെ (59) മൃതദേഹമാണ് ഡി.എൻ.എ ഫലം കാത്ത് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നത്.നാട്ടിൽ എത്തിച്ചപ്പോൾ മൃതദേഹം അഴുകി തിരിച്ചറിയാൻ കഴിയാത്ത നിലയിലായിരുന്നു. ഭൗതിക ശരീരത്തോട് അനാദരവ് കാട്ടിയതിനാലാണ് ബന്ധുക്കൾ മൃതദേഹം സ്വീകരിക്കാൻ വിമുഖത കാട്ടിയത്.
രാജസ്ഥാനിൽ ബി.എസ്.എഫ് ഹെഡ് കോൺസ്റ്റബിളായിരുന്ന ശമുവേൽ ഇക്കഴിഞ്ഞ 24ന് ഉച്ചകഴിഞ്ഞ് ഹൃദയസ്തംഭനത്തെ തുടർന്ന് മരിച്ചെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം.26ന് രാവിലെ എത്തിക്കുമെന്ന് അറിയിച്ചിരുന്ന മൃതദേഹം ബംഗളൂരുവിൽ നിന്ന് എംബാം ചെയ്യേണ്ടി വന്നതിനാൽ വൈകുമെന്ന് അറിയിപ്പ് ലഭിച്ചു. 9.30ഓടെ തിരുവനന്തപുരത്ത് എത്തിച്ചേർന്നു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റാൻ ആംബുലൻസിൽ നിന്നു ഇറക്കവേയാണ് അഴുകി തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലാണെന്ന് കണ്ടത്. രാജസ്ഥാനിലെ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയെന്ന് പറയുന്ന മൃതദേഹത്തിൽ നിന്ന് യൂണിഫോം പോലും നീക്കം ചെയ്യാതിരുന്നത് സംശയം വർദ്ധിപ്പിച്ചതായും ബന്ധുക്കൾ പറഞ്ഞു. തുടർന്ന് ഏറ്റുവാങ്ങാൻ വിസമ്മതിക്കുകയായിരുന്നു. മൃതദേഹം ശമുവേലിന്റേത് തന്നെയോയെന്ന് ഡി.എൻ.എ പരിശോധന നടത്തി തിരിച്ചറിഞ്ഞശേഷം മതി മറ്റ് നടപടികളെന്ന് ബന്ധുക്കൾ തീരുമാനിക്കുകയായിരുന്നു.
ഡി.എൻ.എ ഫലം ഇന്ന് അറിയാൻ കഴിയുമെന്നാണ് സൂചന. ഫലം സ്ഥിരീകരിച്ചാൽ ഇന്ന് മൃതദേഹം ഏറ്റുവാങ്ങി ഞായറാഴ്ച സംസ്കരിക്കുമെന്നും ബന്ധുക്കൾ പറഞ്ഞു. പൂവാർ പൊലീസിൽ ബന്ധുക്കൾ നൽകിയ പരാതിയിൽ മൃതദേഹത്തോട് കാട്ടിയ അനാദരവ് ചൂണ്ടിക്കാട്ടിയിട്ടും നടപടി സ്വീകരിച്ചില്ലെന്നും ആക്ഷേപമുണ്ട്.