തിരുവനന്തപുരം: സംശയത്തിന്റെ പേരിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ കോടതി അഞ്ച് വർഷം കഠിന തടവിനും 50,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. പിഴയൊടുക്കിയില്ലെങ്കിൽ ആറ് മാസം അധിക തടവ് അനുഭവിക്കണം. അഞ്ചാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി സിജു ഷേഖാണ് ശിക്ഷിച്ചത്.
ആറ്റിങ്ങൽ അയലം മുക്കോല മൂലയിൽ വീട്ടിൽ ബിജുവാണ് പ്രതി.
2014 ഏപ്രിൽ 28നായിരുന്നു സംഭവം. ബന്ധുവിന്റെ കല്യാണദിവസം ഭാര്യ ബന്ധുക്കളായ പുരുഷന്മാരോട് സംസാരിച്ചതാണ് പ്രതിയെ പ്രകോപിതനാക്കിയത്.പ്രതി തന്ത്രപൂർവം കുടിയ്ക്കാൻ വെള്ളമാവശ്യപ്പെട്ട് ഭാര്യയെ അടുക്കളയിലേക്ക് കൂട്ടിക്കൊണ്ടുപോയി കത്തി കൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇതല്ലാതെ സമാന സ്വഭാവമുള്ള മറ്റൊരു കേസും ഇപ്പോഴും പ്രതിക്കെതിരെ ജില്ലാ കോടതിയിൽ നിലവിലുണ്ട്. മദ്യപിച്ചാൽ പരപുരുഷ ബന്ധം ആരോപിച്ച് പ്രതി നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടെന്ന് ഭാര്യ കോടതിയിൽ മൊഴി നൽകി. പ്രോസിക്ക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ബി.എസ്.രാജേഷ് ഹാജരായി.