1

തിരുവനന്തപുരം: നഗരത്തിലെ നടപ്പാതയിലൂടെ നടക്കാമെന്നു വിചാരിച്ചാൽ ഇത്തിരി കഷ്ടപ്പാടാണ്. കാരണം നടപ്പാതകൾ കൈയേറിയുള്ള കച്ചവടമാണ്. മനോഹരമായി ടൈലുകൾ വിരിച്ച നഗരത്തിലെ നടപ്പാതകൾ വഴിയോരക്കച്ചവടക്കാർ കെട്ടിയടച്ച് സ്വന്തമാക്കിയിരിക്കുകയാണ്. കിഴക്കേകോട്ട,പാളയം,പി.എം.ജി തുടങ്ങിയ എല്ലാ പ്രധാനകേന്ദ്രങ്ങളിലും ഇതാണ് അവസ്ഥ.ഫുട്പാത്ത് മറച്ചും റോഡിലേക്ക് നീക്കിയുമാണ് മിക്ക കച്ചവടകേന്ദ്രവും സ്ഥാപിച്ചിരുന്നത്. പലരും വലിയ ഷെഡുകളും മറ്റും നിർമ്മിച്ചാണ് കച്ചവടം.അതിനാൽ കാൽനടക്കാരുടെ യാത്ര ഇപ്പോൾ റോഡിലൂടെയാണ്. വാഹനങ്ങളുടെ സുഗമമായ യാത്രയ്ക്കും ഇത്തരം കച്ചവട കേന്ദ്രങ്ങൾ തടസമാകുന്നുണ്ട്. തുണിത്തരങ്ങൾ,പഴം,പച്ചക്കറി,ബാഗ്,ബെൽറ്റ്,വാച്ച്... തുടങ്ങിയവയാണ് കച്ചവടത്തിൽ പ്രധാനി.റോഡിന്റെ വശങ്ങളും മറ്റും അനധികൃതമായി കൈയേറി പലരും മറിച്ച് വാടകയ്ക്ക് കൊടുക്കുന്നതായുള്ള പരാതിയും വ്യാപകമാണ്.

പാർക്കിംഗും

തരം കിട്ടിയാൽ ഫുട്പാത്തിൽ വാഹനം പാർക്ക് ചെയ്ത് പോകുന്നവരുമുണ്ട്.കൂടുതലും ഇരുചക്രവാഹനങ്ങളാണ്.ചില സ്ഥലത്ത് കാറുകൾ ഫുട്പാത്തിന്റെ ഒരു വശം ചേർന്ന് പാ‌ർക്ക് ചെയ്യുന്നുണ്ട്.

പാഴ്‌വാക്കായ തെരുവ്

കച്ചവട നിയന്ത്രണ പദ്ധതി

ഫുട്പാത്ത് കൈയേറിയും നടപ്പാതകൾ കൈയേറിയും അനധികൃത തെരുവ് കച്ചവടത്തിന് നിയന്ത്രണമിടാൻ പദ്ധതി ആവിഷ്കരിക്കുമെന്ന് നഗരസഭ പറഞ്ഞെങ്കിലും ഫലം കണ്ടില്ല.നഗരസഭ തന്നെ ഇതിനുവേണ്ടി സബ് കമ്മിറ്റി രൂപീകരിക്കണം. ക്ഷേമകാര്യ സ്റ്രാൻഡിംഗ് കമ്മിറ്റി ചെയർമാൻ കൺവീനറായ സമിതിയാണ് സർവേ നടത്തി അർഹരായവരെ കണ്ടത്തുന്നത്.2017ൽ നടത്തിയ സർവേയിൽ നഗരത്തിൽ 3562 തെരുവ് കച്ചവടക്കാരുണ്ടെന്നാണ് കണ്ടെത്തിയത്.എന്നാൽ ഫയൽ അനങ്ങിയില്ല.

ചെയ്യുമെന്നു പറഞ്ഞത്

 തെരുവ് കച്ചവടത്തിന് പ്രത്യേക സ്ഥലം അനുവദിക്കും

 അനധികൃത കച്ചവടം പൂട്ടിക്കും. ഇതിനുവേണ്ടി തെരുവ് കച്ചവടക്കാർക്ക് ഐഡന്റിറ്റി കാർഡ് നൽകും. ഇതുള്ളവർക്കേ കച്ചവടം നടത്താൻ അനുവാദമുണ്ടാകൂ.

 നഗരദരിദ്രർ,വികലാംഗർ,മറ്റ് ജോലികൾക്ക് പോകാൻ സാധിക്കാത്ത തരത്തിലുള്ള അസുഖം ബാധിച്ചവർ,വാർഷിക വരുമാനം,മറ്റ് ജോലിയില്ലാത്തവർ എന്നിവർക്കാണ് തെരുവ് കച്ചവടത്തിനുള്ള ഐഡന്റിറ്റി കാർഡ് ലഭിക്കുന്നതിന് മുൻഗണന നൽകുന്നത്.

അർഹരായവർക്ക് നഗരസഭ തന്നെ നേരിട്ട് ഐഡന്റിറ്റി കാർഡുകൾ നൽകും.ഇതു വഴിയാണ് ആനുകൂല്യങ്ങൾ നൽകുന്നത്.

 പാതയോരത്ത് കാൽനട തടസപ്പെടുത്തി കച്ചവടമനുവദിക്കില്ല.

 തട്ടുകടയും മറ്റും നഗരസഭ മാനദണ്ഡമനുസരിച്ച് ഉന്തുവണ്ടിയിൽ മാത്രമേ അനുവദിക്കൂ

 ആഹാരത്തിന്റെ തട്ടുകൾക്ക് 6X4, മറ്റുള്ള തട്ടുകൾക്ക് 6X3 അനുപാതത്തിലുള്ള നീളമാണ് അനുവദിക്കുന്നത്

 നഗരസഭ അനുവാദം നൽക്കാത്ത ഷെഡുകളിൽ പ്രവർത്തിക്കുന്ന തട്ടുകടകൾ നിറുത്തലാക്കും

 ഉന്തുവണ്ടിയല്ലാതെ വാഹനത്തിൽ ആഹാരത്തിന്റെ തട്ടുകട നടത്തുന്നവർക്ക് മോട്ടോർ വാഹന വകുപ്പിന്റെ ഫുഡ് ട്രക്ക് ലൈസൻസ് എടുക്കുന്നതും നിർബന്ധമാക്കും.