
നെയ്യാറ്റിൻകര: ദുരിതങ്ങൾക്ക് നടുവിലായ പെരുങ്കടവിള പി.എച്ച്.സി തിരിഞ്ഞുനോക്കാതെ നാശത്തിലേക്ക്. നെയ്യാറ്റിൻകര താലൂക്കിൽ ആദ്യമായി ആരംഭിച്ച ആശുപത്രിയാണ് പെരുങ്കടവിള പ്രൈമറി ഹെൽത്ത് സെന്റർ. ഈ ആശുപത്രി പിന്നീട് 32 ഹെൽത്ത് സെന്ററുകളുടെ മദർ സെന്ററായി മാറി. ആ കാലഘട്ടത്തിൽ ഇവിടെ കിടത്തി ചികിത്സയും പ്രസവ സംബന്ധമായ ചികിത്സാസഹായവും മോർച്ചറി, ഫാർമസി, ക്ലിനിക്, ലാബ്, സർജറി വിഭാഗം ഉൾപ്പെടെയുള്ള എല്ലാ സൗകര്യങ്ങളും നിലവിലുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഇവയൊന്നും പ്രവർത്തിക്കാറില്ല.
പിൽക്കാലത്ത് ഈ പ്രൈമറി ഹെൽത്ത് സെന്ററുകളുടെ ഭരണഘടന ചുമതല പഞ്ചായത്തിനും ബ്ലോക്ക് പഞ്ചായത്തിനും അനുവദിക്കപ്പെട്ടിരുന്നു. പിന്നീട് വെള്ളറട ഹെൽത്ത് സെന്റർ വന്നതോടെ പെരുങ്കടവിള ഹെൽത്ത് സെന്റർ അവഗണിക്കപ്പെടുകയായിരുന്നു.
കിടത്തിചികിത്സയും നിലച്ചു
ആശുപത്രിയിലെ സർജറി, മോർച്ചറി, ഫാർമസി എന്നിവ നിറുത്തലാക്കിയതിനെ തുടർന്ന് പ്രതിഷേധം ഉയർന്നിരുന്നു. ഇതിന്റെ ഭാഗമായി അന്നത്തെ ആരോഗ്യമന്ത്രിയായിരുന്ന ശങ്കരൻ പെരുങ്കവിള ആശുപത്രിയിൽ നേരിട്ടെത്തി ആശുപത്രിയുടെ ശോചനീയാവസ്ഥ നേരിട്ട് ബോദ്ധ്യപ്പെടുകയും കിടത്തി ചികിത്സ ഉൾപ്പെടെയുള്ള നഷ്ടപ്പെട്ട എല്ലാ സൗകര്യങ്ങളും പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു.
കൂടാതെ പ്രൈമറി ഹെൽത്ത് സെന്ററായിരുന്ന പെരുങ്കടവിള ആശുപത്രിയെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററായി ഉയർത്തുകയും ചെയ്തു. നാളുകൾക്കു ശേഷം വീണ്ടും കിടത്തി ചികിത്സ നിലയ്ക്കുകയും തുടർന്ന് രാത്രികാലങ്ങളിലും കിടത്തി ചികിത്സ ഇല്ലാതാവുകയും ചെയ്തു.
ഫാർമസിയിൽ മരുന്നില്ല, തുറന്നാൽ തന്നെ ഉച്ചയ്ക്ക് 2ന് അടയ്ക്കും
ആശുപത്രിയുടെ ആംബുലൻസ് രോഗികൾക്ക് നൽകാറില്ല
ആംബുലൻസ് ഡ്രൈവറും ശുചീകരണ തൊഴിലാളികളും ഇല്ല. ആകെയുള്ളത് ഒരാൾ മാത്രം
ജീവനക്കാരില്ല
ആരോഗ്യവകുപ്പിന്റെ ഉത്തരവ് പ്രകാരം പ്രൈമറി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളിൽ 8 ഡോക്ടർമാരും ജീവനക്കാരും ഉണ്ടാകും. ആശുപത്രി 24 മണിക്കൂറും പ്രവർത്തിക്കണം. കിടത്തി ചികിത്സ, ഫാർമസി, ആംബുലൻസ് എന്നിവ ഉണ്ടായിരിക്കണം. ഇതാണ് വ്യവസ്ഥ. എന്നാൽ പെരുങ്കടവിള ആശുപത്രിയിൽ നിലവിൽ നാല് ഡോക്ടർമാരേ ഉള്ളൂ. അതിനാൽ രാത്രി ആശുപത്രി അടച്ചിടുന്നു.