തിരുവനന്തപുരം: പാറ്റൂർ - ജനറൽ ആശുപത്രി റോഡിൽ ഇന്നലെ അനുഭവപ്പെട്ടത് വൻ ഗതാഗതക്കുരുക്ക്. ജനറൽ ആശുപത്രി പരിസരത്ത് അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റുന്നതിനാൽ പാറ്റൂരിൽ നിന്ന് ജനറൽ ആശുപത്രി വരെ വൺവേയായിട്ടാണ് വാഹനങ്ങൾ കടത്തി വിട്ടത്. അതിനാലാണ് രാവിലെയും വൈകിട്ടും വൻ ഗതാഗതക്കുരുക്കുണ്ടായത്.വലിയ വാഹനങ്ങൾ പാറ്റൂർ ജംഗ്ഷനിൽ നിന്നും ചെറിയ വാഹനങ്ങൾ കണ്ണാശുപത്രിയുടെ മുൻവശത്തു നിന്നുമാണ് വൺവേയിലേക്ക് പ്രവേശിച്ചത്.
കണ്ണാശുപത്രിയുടെ മുന്നിലാണ് കൂടുതൽ ഗതാഗതക്കുരുക്കുണ്ടായത്.ഇവിടെ കാറുകൾ പാർക്ക് ചെയ്തിരിക്കുന്നതിനാൽ ഗതാഗതക്കുരുക്ക് ഇരട്ടിയായി. മണിക്കൂറോളമാണ് ഇവിടെ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടത്.ഒരു മുന്നറിയിപ്പും ഇല്ലാതെയാണ് അധികൃതർ ഗതാഗതം നിയന്ത്രിച്ചതെന്ന് ഡ്രൈവർമാർ ആരോപിച്ചു.
റോഡിലേക്ക് ചാഞ്ഞുനിൽക്കുന്ന കാലപ്പഴക്കമുള്ള മരങ്ങളാണ് പൂർണമായി മുറിച്ചുമാറ്റുന്നത്. രാവിലെ മഴയായതിനാൽ വൈകിയാണ് പണി ആരംഭിച്ചത്. ഇന്നും പണി നടക്കുന്നതിനാൽ ഗതാഗതനിയന്ത്രണമുണ്ടാകും.
വാഹനാപകടം
പാറ്റൂരിൽ നിന്ന് ജനറൽ ഹോസ്പിറ്റലിലേക്ക് വൺവേയായി വാഹനങ്ങൾ കടത്തിവിട്ടതിനാൽ കേരള സ്റ്റേറ്റ് ഫാർമസി കൗൺസിലിന്റെ സമീപത്തെ വളവിൽ സ്വിഫ്റ്റും ബൈക്കുമായി കൂട്ടിയിടിച്ചു.അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രക്കാരനായ ഗോപിനാഥിനെ ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. വൺവേയാണെന്ന് അറിയാതെ വളവ് തിരിഞ്ഞുവന്ന ബൈക്ക് യാത്രക്കാരനെ വേഗത്തിൽ വന്ന ഇലക്ട്രിക് ബസ് ഇടിക്കുകയായിരുന്നു.