തിരുവനന്തപുരം : കുടുംബ വഴക്കിനെ തുടർന്ന് ഭാര്യാപിതാവിനെയും ഭാര്യാസഹോദരനെയും കുത്തിക്കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം കഠിന തടവും 5,50,000 രൂപ പിഴയും. പിഴ ഒടുക്കിയില്ലെങ്കിൽ ഒരു വർഷം അധിക തടവ് അനുഭവിക്കണം. ആറാം അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ. വിഷ്ണുവാണ് മുട്ടത്തറ കല്ലുംമൂട് രാജീവ് ഗാന്ധി നഗർ പുതുവൽ പുത്തൻ വീട്ടിൽ അരുണിനെ ശിക്ഷിച്ചത്.
അരുൺ, ഭാര്യാ പിതാവ് പൂജപ്പുര മുടവൻമുകൾ അനിതാഭവനിൽ സുനിൽ കുമാർ, മകൻ അഖിൽ എന്നിവരെയാണ് കൊലപ്പെടുത്തിയത്. സുനിൽ കുമാറിന്റെ മകൾ അപർണ്ണ, പ്രതിയുടെ മർദ്ദനം സഹിക്കവയ്യാതെ അവരുടെ വീട്ടിലേക്ക് പോയിരുന്നു. ഭാര്യയെ വിളിച്ചുകൊണ്ടു പോകുന്നതിനാണ് അരുൺ, സുനിൽ കുമാറിന്റെ വീട്ടിൽ എത്തിയത്. മകളെ അരുണിനൊപ്പം വിടുന്നില്ലെന്ന് സുനിൽ കുമാറും പ്രതിക്കൊപ്പം പോകാൻ തയ്യാറല്ലെന്ന് അപർണ്ണയും നിലപാട് സ്വീകരിച്ചതോടെ പ്രകോപിതനായ അരുൺ ആദ്യം സുനിൽ കുമാറിനെയും തടയാൻ ശ്രമിച്ച അഖിലിനെയും കുത്തി വീഴ്ത്തുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ച സുനിൽകുമാറിന്റെ ഭാര്യ, ഷീനയെ കുത്തി പരിക്കേൽപ്പിക്കാൻ ശ്രമിച്ചെങ്കിലും അവർ കുതറിമാറി. 2021 ഒക്ടോ. 12 രാത്രി 8.30 ന് ആയിരുന്നു സംഭവം. പ്രോസിക്യൂഷനുവേണ്ടി സാജൻ പ്രസാദ് ഹാജരായി.