വെള്ളറട: വെള്ളറട ഗ്രാമപഞ്ചായത്തിലെ കരിമരം കോളനിയിൽ വ്യാപകമായി വരുന്ന ലഹരി ഉപയോഗവും ആക്രമണ സംഭവങ്ങളും അമർച്ചചെയ്യാൻ പൊലീസിന്റെ സാന്നിദ്ധ്യം എല്ലാ സമയവും കരിമരം കോളനിയിൽ ഉറപ്പാക്കി. നിരന്തരം ആക്രമണങ്ങളും പുറത്തുനിന്നുള്ള ആക്രമികളുടെ താവളമായി മാറുകയും ചെയ്ത സാഹചര്യത്തിലാണ് വെള്ളറട സി.ഐ ബാബുക്കുറുപ്പിന്റെ നേതൃത്വത്തിൽ കോളനിയിൽ പൊലീസിന്റെ സാന്നിദ്ധ്യം ഉറപ്പാക്കി ബോധവത്കരണ പരിപാടികളുമായി മുന്നോട്ടുപോകുന്നത്.
കോളനിയിലെ മയക്കുമരുന്നിന് അടിമയായ യുവാക്കൾ പൊതുസ്ഥലങ്ങളിൽ കയറി ആക്രമണം നടത്തുകയും സർക്കാർ വാഹനങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്യുന്ന സാഹചര്യം വരെയെത്തി. ഈ അവസ്ഥയിലാണ് വാർഡ് മെമ്പർ നളിനകുമാറിന്റെ നേതൃത്വത്തിൽ കോളനിയിലെ മുഴുവൻ താമസക്കാരെയും ഏകോപിപ്പിച്ചുകൊണ്ടുള്ള ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചത്. സെമിനാർ വെള്ളറട സി.ഐ ബാബുക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. എസ്.ഐ സുജിത്.ജി.നായർ, വനിത എസ്.ഐമാരായ അശ്വതി, ഷീജ, സിവിൽ പൊലീസ് ഓഫീസർമാരായ പ്രദീപ്, ഷീബ, തുടങ്ങിയവർ പങ്കെടുത്തു.