തിരുവനന്തപുരം: പട്ടികജാതി വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യത്തിൽ വെട്ടിപ്പുനടത്തിയതിന് ചവറ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസറായിരുന്ന കെ.ജി. സ്റ്റെഫീന, കൊല്ലം ജില്ലാ പട്ടികജാതി വികസന ഓഫീസിലെ ക്ലാർക്കായിരുന്ന എം. സതീഷ് കുമാർ, ഇടപ്പള്ളിക്കോട്ടയിലെ സ്വകാര്യ പാരലൽ കോളേജ് പ്രിൻസിപ്പലായിരുന്ന നാസറുദ്ദീൻ എന്നിവർക്ക് തടവു ശിക്ഷ. തിരുവനന്തപുരം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. 2003-04 കാലത്ത് 35 വിദ്യാർത്ഥികളുടെ വ്യാജരേഖ ചമച്ച് പണം തട്ടിയെന്നാണ് കേസ്.
വ്യാജരേഖകളടങ്ങിയ അപേക്ഷ നാസറുദീൻ 2003 ഡിസംബറിൽ വിദ്യാഭ്യാസ ഫണ്ടിനായി ചവറ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ നൽകി. ചവറ ബ്ലോക്ക് പട്ടികജാതി ഓഫീസറായിരുന്ന സ്റ്റെഫീന ഇത് ജില്ലാ പട്ടികജാതി വികസന ഓഫീസിലേക്ക് അയച്ചു. അവിടെ ക്ലാർക്കായിരുന്ന എം. സതീഷ് കുമാർ ഇത് പാസാക്കാൻ ശുപാർശ ചെയ്തു. പാരലൽ കോളേജിൽ പഠിക്കാത്തവർ, അവിടെ പഠിക്കുന്നതായ രേഖകളും ഹാജർ ബുക്കുകളും ഒപ്പും വ്യാജമായി ഉണ്ടാക്കി ട്യൂഷൻ ഫീസായി 1,55,515 രൂപ തട്ടിയെടുക്കുകയായിരുന്നു.
ഒന്നാം പ്രതി കെ.ജി.സ്റ്റെഫീനയെ വിവിധ വകുപ്പുകളിലായി അഞ്ച് വർഷം തടവിനും 60,000 രൂപ പിഴയ്ക്കുമാണ് ശിക്ഷിച്ചത്. രണ്ടാം പ്രതി എം. സതീഷ് കുമാറിന് രണ്ട് വർഷം കഠിന തടവും 50,000 രൂപ പിഴയും, മൂന്നാം പ്രതി നാസറുദ്ദീന് വിവിധ വകുപ്പുകളിൽ പതിനൊന്ന് വർഷം കഠിന തടവും 1,60,000 രൂപ പിഴയുമാണ് ശിക്ഷ. കൊല്ലം വിജിലൻസ് ഡിവൈ.എസ്.പി സി.ജി. ജയശാന്തിലാൽ റാം രജിസ്റ്റർ ചെയ്ത കേസാണിത്. പ്രോസിക്യൂഷനുവേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ രഞ്ജിത്ത് കുമാർ എൽ.ആർ ഹാജരായി.