
പോത്തൻകോട്: സഹകരണ സംഘത്തിൽ ചിട്ടി പിടിച്ച പണം തിരികെ നൽകാത്തതിൽ മനംനൊന്ത് സഹകരണ സംഘത്തിനും പ്രസിഡന്റിനുമെതിരെ ആത്മഹത്യാക്കുറിപ്പെഴുതിവച്ച് ഗൃഹനാഥൻ ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധം.
ചെമ്പഴന്തി അണിയൂർ സ്വദേശി ബിജുകുമാറിന്റെ (48) മൃതദേഹവുമായി ബി.ജെ.പി പ്രവർത്തകരും നാട്ടുകാരുമാണ് ചെമ്പഴന്തിയിൽ പ്രവർത്തിക്കുന്ന ചെമ്പഴന്തി അഗ്രിക്കൾച്ചറൽ ഇംപ്രൂവ്‌മെന്റ് സഹകരണ സംഘത്തിന് മുന്നിൽ പ്രതിഷേധിച്ചത്. സംഭവത്തിൽ അന്വേഷണം നടത്താമെന്ന് ആർ.ഡി.ഒയും സഹകരണസംഘം ജോയിന്റ് രജിട്രാറും ഉറപ്പുനൽകിയതിനെ തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
ഇന്നലെ രാവിലെയാണ് വീട്ടിലെ കിടപ്പുമുറിയിൽ ബിജുകുമാറിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ചിട്ടി പിടിച്ച പണം നൽകാത്തതിനാലാണ് ബിജുകുമാർ ആത്മഹത്യ ചെയ്‌തതെന്നാണ് ബന്ധുക്കളുടെ പരാതി. മരണത്തിന് ഉത്തരവാദി സംഘം പ്രസിഡന്റ് അണിയൂർ ജയകുമാർ ആണെന്ന് ആത്മഹത്യാക്കുറിപ്പിൽ ബിജുകുമാർ എഴുതിയിരുന്നു.
സഹകരണസംഘം പ്രസിഡന്റും ബിജുകുമാറും തമ്മിൽ സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ബിജുകുമാറിന്റെ സ്വർണം പണയം വച്ച് രണ്ടര ലക്ഷം രൂപയോളം സംഘം പ്രസിഡന്റിന് നൽകിയിരുന്നുവെന്നും തിരികെ ചോദിച്ചപ്പോൾ ബാങ്കിന്റെ പരാധീനതകൾ പറഞ്ഞ് ജയകുമാർ ഒഴിഞ്ഞുമാറിയെന്നും ബന്ധുക്കൾ പറയുന്നു. സംഘത്തിനെതിരെ നേരത്തെയും നിരവധി പരാതികൾ ഉയർന്നിരുന്നെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.