തിരുവനന്തപുരം: മൂന്ന് വയസുകാരന്റെ ശരീരത്തിൽ തിളച്ച ചായ വീണ് പൊള്ളലേറ്റ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. മണ്ണന്തല പൊലീസാണ് കേസന്വേഷിക്കുന്നത്. മുത്തശ്ശി അനിതാദേവിയുടെ കൈതട്ടി അറിയാതെ ചായ വീണതാണെന്നാണ് പൊലീസിന്റെ നിഗമനം. ആദ്യം സംശയം തോന്നി കസ്റ്റഡിയിലെടുത്ത കുട്ടിയുടെ മുത്തച്ഛൻ കുടപ്പനക്കുന്ന് സ്വദേശിയായ വിജയകുമാറിനെ (ഉത്തമൻ, 49) നിരപരാധിയാണെന്ന് കണ്ടെത്തിയതോടെ കഴിഞ്ഞദിവസം വിട്ടയച്ചിരുന്നു. സംഭവം നടക്കുന്ന സമയത്ത് മുത്തച്ഛൻ വീട്ടിൽ ഇല്ലായിരുന്നെന്ന് വ്യക്തമായതിനെ തുടർന്നാണ് വിട്ടത്. വട്ടിയൂർക്കാവ് സ്വദേശിയായ ദമ്പതികളുടെ മകനാണ് പൊള്ളലേറ്റത്. കുട്ടി മുത്തച്ഛന്റെയും മുത്തശ്ശി അനിതാദേവിയുടെയും കൂടെയായിരുന്നു താമസം. ഈ മാസം 24നാണ് കുട്ടിക്കെതിരെ ആക്രമണമുണ്ടായതെന്നും മുത്തശ്ശിയുടെ രണ്ടാം ഭർത്താവായ വിജയകുമാർ നേരത്തെയും കുട്ടിയെ ആക്രമിക്കാറുണ്ടായിരുന്നെന്നുമായിരുന്നു പിതാവിന്റെ മൊഴി. വിജയകുമാറും കുട്ടിയുടെ മാതാപിതാക്കളും തമ്മിൽ കുടുംബപ്രശ്നങ്ങളുണ്ട്.