
ഉള്ളൂർ: എസ്.എ.ടി ആശുപത്രി വളപ്പിലെ വൻമരം അപകടാവസ്ഥയിലായിട്ടും മുറിച്ചുമാറ്റാൻ നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി. പേവാർഡിനും ലേബർ റൂമിനും പിന്നിലായാണ് ഈ മരമുള്ളത്. ഇതിന് സമീപത്തായി സ്ഥാപിച്ചിട്ടുള്ള ഇരുമ്പു വേലിയിലെ മൂർച്ചയുള്ള കമ്പികൾ മരരത്തിന്റെ മദ്ധ്യഭാഗം വരെ ആഴ്ന്നറിങ്ങിയ നിലയിലാണ്. ഇതാണ് അപകട ഭീതി ഉയർത്തുന്നത്. ശക്തമായ മഴയിലും കാറ്റിലും ആടിയുലഞ്ഞ് വൻമരം ഏത് നിമിഷം വേണമെങ്കിലും നിലംപൊത്തുമെന്ന അവസ്ഥയിലാണ്. മരം വീണാൽ സമീപത്തായുള്ള കെട്ടിടങ്ങൾക്കും ഇലക്ടിക് ലൈനുകൾക്കും വൻ നാശനഷ്‌ടങ്ങൾ ഉണ്ടാകാനിടയുണ്ട്. വിവരം ബന്ധപ്പെട്ട അധികൃതരെ അറിയിച്ചെങ്കിലും യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകാത്തതും പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.