ചിറയിൻകീഴ്: മുതലപ്പൊഴിയിലെ തുടർച്ചയായ അപകടങ്ങളിൽ സർക്കാർ സംവിധാനങ്ങൾ നോക്കുകുത്തിയായി മാറുന്നതിൽ പ്രതിഷേധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് നാളെ മുതലപ്പൊഴിയിൽ രാപകൽ സമരം സംഘടിപ്പിക്കും. വൈകിട്ട് 5ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. എം.എൽ.എമാരും സാമൂഹ്യ പ്രവർത്തകരും അഭിസംബോധന ചെയ്യും. കേന്ദ്ര- സംസ്ഥാന സർക്കാരുകൾ നൽകിയ ഉറപ്പുകൾ പാലിക്കുക, മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കുക, തകർന്ന പുലിമുട്ടിന്റെ ഭാഗം പൂർവ സ്ഥിതിയിലാക്കുക, പുലിമുട്ടിന്റെ ഭാഗമായി ഉണ്ടായിരുന്ന കല്ലുകൾ കടത്തിയതിനെക്കുറിച്ച് അന്വേഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

വാർത്താസമ്മേളനത്തിൽ ഡി.സി.സി ജനറൽ സെക്രട്ടറി എം.ജെ.ആനന്ദ്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം.എസ്.നൗഷാദ്, ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബി.എസ്.അനൂപ്, മണ്ഡലം പ്രസിഡന്റുമാരായ സുനിൽ പെരുമാതുറ, മോനി ശാർക്കര, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അൻസിൽ അൻസാരി എന്നിവർ പങ്കെടുത്തു.