ചിറയിൻകീഴ്: ചിറയിൻകീഴ് ഓവർബ്രിഡ്ജ് നിർമ്മാണം ഇഴയുന്നു. 2021 നവംബറിൽ ഒരു വർഷം കൊണ്ട് പണിപൂർത്തിയാക്കുമെന്ന പ്രഖ്യാപനത്തിൽ ആരംഭിച്ച നിർമ്മാണ പ്രവർത്തനങ്ങൾ വർഷങ്ങൾക്കിപ്പുറവും പൂർത്തിയായില്ല. റെയിൽവേ ലൈനിന് മുകളിലൂടെ ഗർഡറുകൾ സ്ഥാപിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ ഏറെക്കുറെ പൂർത്തിയായെങ്കിലും റെയിൽവേ ഗേറ്റിന് ഇരുവശങ്ങളിലുമുള്ള ബ്രിഡ്ജിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഇനിയും അന്തിമഘട്ടത്തിലേക്ക് കടക്കേണ്ടതുണ്ട്.

ഗേറ്റ് മുതൽ പണ്ടകശാല വരെയുള്ള ഭാഗത്താണ് ഇനി കൂടുതൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കേണ്ടത്. ഇവിടെ സ്ഥാപിച്ചിട്ടുള്ള ബീമുകൾ ബന്ധിപ്പിച്ചുകൊണ്ടുള്ള കോൺക്രീറ്റ്, പാർശ്വഭിത്തി നിർമ്മാണം, ലാൻഡിംഗ് അടക്കമുള്ളവ നടക്കേണ്ടതുണ്ട്.

പ്രവർത്തനങ്ങൾ ഇനിയും ബാക്കി

റെയിൽവേ ലൈനിന് മുകളിൽ സ്ഥാപിച്ച ഗർഡറിന് ഇരുവശത്തുമുള്ള പില്ലറിലേക്ക് കണക്ട് ചെയ്യുന്ന പ്രവർത്തനങ്ങൾ അടക്കം ബാക്കി നിൽക്കുകയാണ്. ചിറയിൻകീഴ് ഓവർബ്രിഡ്ജിന്റെ സർവീസ് റോഡ് ഗതാഗത യോഗ്യമാക്കാത്തതുകൊണ്ടുള്ള ദുരിതങ്ങൾ വേറെയാണ്. ദിനംപ്രതി നൂറുകണക്കിന് പേരാണ് ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിലും മറ്റ് സർക്കാർ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കച്ചവട സ്ഥലങ്ങളിലും എത്താനായി ഈ റോഡിനെ ആശ്രയിക്കുന്നത്.

ജനങ്ങൾ ബുദ്ധിമുട്ടിൽ

ഓവർബ്രിഡ്ജിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കിടയിൽ തന്നെ സർവീസ് റോഡിന്റെ നവീകരണ പ്രവർത്തനങ്ങളും ആരംഭിച്ചെങ്കിലും അക്കൗണ്ടിലേക്ക് പണം എത്തിയില്ലെന്ന കാരണത്താൽ ഉപകരാറുകാരൻ നിർമ്മാണ പ്രവർത്തനങ്ങൾ ഉപേക്ഷിക്കുകയായിരുന്നു. മഴപെയ്താൽ സർവീസ് റോഡിന്റെ പലഭാഗത്തും വെള്ളം കെട്ടിക്കിടക്കുന്നതിനാൽ ചെളിക്കളമാണ്. ഈ അവസരങ്ങളിൽ വാഹന യാത്രക്കാർ മാത്രമല്ല കാൽനടയാത്രക്കാരും ഏറെ ദുരിതമനുഭവിക്കുന്നു.

വെള്ളക്കെട്ടും ദുരിതം

ചിറയിൻകീഴ് എക്സൈസ് ഓഫീസ് പരിസരത്തെ വെള്ളക്കെട്ട് ആഴ്ചകളോളമാണ് നീണ്ടുനിൽക്കുന്നത്.

കേരളത്തിലെ ആദ്യത്തെ ഓവർബ്രിഡ്ജ്

ചിറയിൻകീഴ് താലൂക്ക് ആശുപത്രിക്കും പണ്ടകശാലയ്ക്കും ഇടയിൽ 800 മീറ്റർ നീളത്തിൽ നിർമ്മിക്കുന്ന ഓവർബ്രിഡ്ജിന്റെ നിർമാണത്തിനായി കിഫ്‌ബിയിൽ നിന്നും 25 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷനാണ് നിർമ്മാണ ചുമതല. സ്റ്റീൽ കോൺക്രീറ്റ് കോമ്പോസിറ്റ് സ്ട്രക്ച്ചറായി കേരളത്തിൽ നിർമ്മിക്കുന്ന ആദ്യത്തെ ഓവർബ്രിഡ്ജാണിത്.