
വർക്കല: കാപ്പിൽ ബീച്ചിൽ തിരയിൽപ്പെട്ട് ഒരു കുടുംബത്തിലെ രണ്ട് പേർ ദാരുണമായി മരിച്ചു. കൊല്ലം ചാത്തന്നൂർ കാരംപള്ളിക്ക് സമീപം നിസ്സാറിന്റെയും സൂറത്തിന്റെയും മകൻ അൽ അമീൻ (24), അൽ അമീന്റെ സഹോദരീ ഭർത്താവ് കൊട്ടാരക്കര പള്ളിക്കൽ പ്ലാമൂട് വാവരഴികത്തുവീട്ടിൽ അൻവർ (34) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12.30 യോടെയാണ് ദുരന്തം.അൽ അമീൻ, അൻവർ, ഭാര്യ ആമിന, രണ്ട് വയസ്സുള്ള മകൻ ആദം സെയ്യാൻ, ഇവരുടെ ബന്ധുവായ അർഷാദ് എന്നിവർ ഉല്ലാസയാത്രക്ക് കാപ്പിൽ ബീച്ചിൽ എത്തിയതായിരുന്നു. പൊഴിമുഖത്ത് കുളിക്കാൻ ഇറങ്ങിയതാണ് അൽ അമീനും അൻവറും. ശക്തമായ തിരയിൽ പ്പെട്ട അൻവറിനെ രക്ഷിക്കാൻ ശ്രമിക്കവെയാണ് അൽഅമീനും തിരയിൽപ്പെട്ടത്. രണ്ടുപേരെയും കാണാതായതോടെ ആമിനയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരും മത്സ്യതൊഴിലാളികളും ചേർന്ന് നടത്തിയ തിരച്ചിലിൽ ഒരു മണിയോടെ അൽ അമീന്റെ മൃതദേഹം പൊഴിമുഖത്തു കണ്ടെത്തി. ഇവിടെ നിന്നു ഒരു കിലോമീറ്റർ അകലെയുള്ള വെറ്റക്കട ബീച്ചിന് സമീപത്തു നിന്നാണ് അൻവറിന്റെ മൃതദേഹം 2 മണിയോടെ ഫയർ ഫോഴ്‌സും അയിരൂർ പൊലീസും ചേർന്ന് കണ്ടെത്തിയത്.
കണ്മുന്നിൽ ഭർത്താവിനും ഭാര്യാ സഹോദരനും ദാരുണ മരണം.
പ്രവാസിയായ അൽ അമീൻ ബക്രീദിന്റെ അവധിക്ക് നാട്ടിലെത്തിയതാണ്. അടുത്ത ദിവസം തിരിച്ചു പോകാൻ ഇരിക്കവെയാണ് അൻവറിനെയും കുടുബത്തെയും കൂട്ടി ഉല്ലാസ യാത്രയ്ക്ക് പോകുന്നത്. സഹോദരനും ഭർത്താവും തിരയിൽപ്പെട്ട് കാണാമറയത്തേക്ക് പോകുമ്പോൾ ആമിനയുടെ നിലവിളി കേട്ടാണ് മത്സ്യ തൊഴിലാളികളും നാട്ടുകാരും ഓടിയെത്തിയത്. നിസഹായയായി നിലവിളിക്കാൻ മാത്രമാണ് ആമിനക്ക് കഴിഞ്ഞത്. തിരുവനന്തപുരത്തു ഓൺലൈൻ ടാക്സി ഡ്രൈവറാണ് മരിച്ച അൻവർ. പിതാവ് : പരേതനായ ബദറുദ്ദീൻ. മാതാവ് : റംലാ ബീവി .
വീഴ്ച സർക്കാർ സംവിധാനങ്ങളുടേത്
കാപ്പിൽ ബീച്ചിൽ സ്ഥിരമായി ലൈഫ് ഗാർഡുകളുടെ സേവനം വേണമെന്ന് വർഷങ്ങളായുള്ള മുറവിളിക്ക് ഒടുവിൽ ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ഒരു ലൈഫ് ഗാർഡിനെ നിയമിച്ചത്. അമ്മയ്ക്ക് സുഖമില്ലാത്തതിനാൽ ഇയാൾ ഞായറാഴ്ച ലീവ് എടുത്തിരുന്നു . എന്നാൽ കോസ്റ്റൽ പൊലീസും ടൂറിസം പൊലീസും ബദൽ സംവിധാനം ഒരുക്കിയിരുന്നില്ല. 6 പേരുടെ സേവനം വേണ്ടയിടത്താണ് അധികൃതർ ഒരാളെ കൊണ്ട് ഇരട്ടി ജോലി ചെയ്യിപ്പിക്കുന്നത്. സഞ്ചാരികൾക്ക് നിർദ്ദേശങ്ങൾ നൽകുന്നതിനും സുരക്ഷാ പ്രവർത്തനത്തിനും മതിയായ സംവിധാനം ഒരുക്കാത്തത് സർക്കാർ സംവിധാനങ്ങളുടെ ഗുരുതര വീഴ്ചയാണെന്ന് നാട്ടുകാർ പറയുന്നു. നിത്യേന ആയിരക്കണക്കിന് സഞ്ചാരികളെത്തുന്ന കാപ്പിൽ ബീച്ച് രാത്രിയായാൽ ഇരുട്ടിലാണ്. പോസ്റ്റുകളിൽ വെളിച്ചമില്ല. ടൂറിസം പൊലീസിന്റെ സേവനവും പ്രദേശത്തില്ല.