മുടപുരം: അഴൂർ, മംഗലപുരം പഞ്ചായത്തുകളിൽ പശുക്കൾക്ക് കുളമ്പുരോഗം പിടിപെട്ടു. ദിവസങ്ങൾക്ക് മുൻപാണ് രോഗം പശുക്കളിൽ കണ്ടെത്തിയത്. കുളമ്പു രോഗം വരുന്ന പശുക്കളിൽ നിന്ന് പാലിന്റെ ലഭ്യത ഗണ്യമായി കുറയുന്നു. ചികിത്സിച്ച് രോഗം ഭേദമാക്കിയാലും വീണ്ടും പഴയ അളവിൽ പാൽ ലഭിക്കില്ലെന്നാണ് ക്ഷീര കർഷകർ പറയുന്നത്. അതിനാൽ ഭീമമായ ചികിത്സ ചെലവും പാലിന്റെ ലഭ്യത കുറവും ക്ഷീര കർഷകർക്ക് വലിയ സാമ്പത്തിക നഷ്ടം വരുത്തും. പ്രതിരോധ കുത്തിവയ്പെടുത്ത പശുക്കൾക്കും ഈ രോഗം വരുന്നുണ്ട്. ചികിത്സയ്ക്കൊപ്പം രോഗം പടരാതിരിക്കാൻ കർഷകർ ശക്തമായ മുൻകരുതലെടുക്കണമെന്നും കറവക്കാർ ജാഗ്രത പാലിക്കണമെന്നും വെറ്റിനറി ഡോക്ടർ മുന്നറിയിപ്പ് നൽകി. സമീപ പ്രദേശങ്ങളിൽ പശുക്കൾക്ക് രോഗലക്ഷണങ്ങൾ ഉള്ളതിനാൽ ഇപ്പോൾ ക്ഷീര കർഷകർ പശുക്കളെ വിൽക്കുകയോ വാങ്ങുകയോ ചെയ്യരുതെന്നും അധികൃതർ അറിയിച്ചു. രോഗം പടരാതിരിക്കാൻ കർഷകർ അടിയന്തര ചികിത്സ നൽകേണ്ടതാണ് അഴൂർ പഞ്ചായത്തിൽ ഉടൻതന്നെ കുളമ്പുരോഗത്തിനെതിരെ പ്രതിരോധ കുത്തിവെയ്പ്പ് നടത്തുന്നതാണെന്ന് പഞ്ചായത്തിലെ വെറ്റിനറി ഡോക്ടർ അറിയിച്ചു. കുളമ്പുരോഗം ബാധിച്ച പശുക്കളുള്ള ക്ഷീര കർഷകർക്ക് അടിയന്തര ധനസഹായം നല്കണമെന്നും രോഗം പടരാതിരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും പെരുങ്ങുഴി ക്ഷീര സംഘം പ്രസിഡന്റ് പെരുങ്ങുഴി പ്രശാന്ത് ആവശ്യപ്പെട്ടു.