ശംഖുംമുഖം: ദമാമിൽ നിന്നും തിരുവനന്തപുരത്തേക്ക് വന്ന എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിൽ ലാൻഡിംഗ് നടത്തുന്നതിനിടെ പക്ഷിയിടിച്ചു. ഞായറാഴ്ച്ച രാവിലെ 11മണിയോടെ എത്തിയ എയർ ഇന്ത്യ എക്സ്‌പ്രസ് ഐ.എക്സ് 582-ാം നമ്പർ വിമാനത്തിലാണ് പക്ഷിയിടിച്ചത്. നിശ്ചയിച്ചിരുന്ന സമയത്തിൽ നിന്നും രണ്ടു മണിക്കൂറോളം വൈകിയെത്തിയ വിമാനം റൺവേയിലേക്ക് ഇറങ്ങുന്നതിനിടെ മുൻവശത്തെ ഗ്ളാസിന്റെ മുകളിലായാണ് പക്ഷിയിടിച്ചത്. ലാൻഡിംഗിന് ശേഷം വിമാനത്തിൽ നടത്തിയ പരിശോധനയിൽ മറ്റ് കുഴപ്പങ്ങൾ ഇല്ലെന്ന് കണ്ടതോടെ ഒരുമണിക്കൂറിന് ശേഷം വിമാനം യാത്രക്കാരുമായി മസ്ക്കറ്റിലേക്ക് യാത്ര തിരിച്ചു.
ലാൻഡിംഗ് സമയങ്ങളിൽ റൺവേയിൽ നിന്ന് പക്ഷികളെ തുരത്താൻ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. പലപ്പോഴും ജീവനക്കാർ പടക്കംപൊട്ടിച്ച് പക്ഷികളെ തുരത്താറുമുണ്ട്. എന്നിരുന്നാലും മാസത്തിൽ ഒന്നിലധികം തവണ വിമാനങ്ങളിൽ പക്ഷിയിടിക്കാറുണ്ട്.