
തിരുവനന്തപുരം: സാങ്കേതികസർവകലാശാല ബി-ടെക് പരീക്ഷയിൽ മികച്ച വിജയവുമായി തിരുവനന്തപുരം എൻജിനിയറിംഗ് കോളേജിലെ(സി.ഇ.ടി) വിദ്യാർത്ഥികൾ. സംസ്ഥാനത്തെ കോളേജുകളിൽ 88.36 വിജയശതമാനത്തോടെ ഒന്നാംസ്ഥാനം സി.ഇ.ടി സ്വന്തമാക്കി. ഏറ്റവുമധികം വിജയശതമാനം കംപ്യൂട്ടർ സയൻസ് വിഭാഗത്തിനാണ്-92 ശതമാനം. ബി.ആർക്കിന് 91.2 ശതമാനത്തോടെ സംസ്ഥാനത്ത് രണ്ടാംസ്ഥാനവും സി.ഇ.ടി നേടി. കംപ്യൂട്ടർ സയൻസ് വിഭാഗത്തിൽ 36 വിദ്യാർത്ഥികൾ 9നു മുകളിൽ സി.ജി.പി.എ നേടി. ഇക്കഴിഞ്ഞ അദ്ധ്യയന വർഷം പ്ലേസ്മെന്റുകളിലും സി.ഇ.ടി തിളങ്ങി. 180 കമ്പനികളിലായി 600ലേറെ വിദ്യാർത്ഥികൾ ജോലിയിൽ പ്രവേശിച്ചു. ഒമാൻ, ദുബായ് അടക്കമുള്ള അന്താരാഷ്ട്ര കമ്പനികളിലും പ്ലേസ്മെന്റുകൾ നേടി. കോർ കമ്പനികളിലടക്കം വിദ്യാർത്ഥികൾക്ക് പ്ലേസ്മെന്റ് ലഭിച്ചുവെന്നതാണ് ഈ വർഷത്തെ പ്രത്യേകത.പ്രതിവർഷം 34.3 ലക്ഷം വരെ പാക്കേജ് നേടിയവരുണ്ട്. ഭൂരിഭാഗം വിദ്യാർത്ഥികൾക്കും 7 ലക്ഷത്തിന് മുകളിൽ പാക്കേജ് ലഭിച്ചു. സാമ്പത്തികമാന്ദ്യം ഐ.ടി സേവനദാതാക്കളായ കമ്പനികളെ ബാധിച്ചെങ്കിലും ഐ.ടി പ്രോഡക്ട് കമ്പനികൾ മികച്ച നേട്ടം കൊയ്തു. ഒട്ടുമിക്ക കമ്പനികളും ഇന്റേൺഷിപ്പിന് അവസരം നൽകി. ടാറ്റാ എലക്സി, യു.എസ്.ടി, കോഗ്നിസന്റ്, ടി.സി.എസ് അടക്കമുള്ള കമ്പനികളിൽ അവസരം നേടിയവരുണ്ട്.
സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ ഉൾപ്പെടുന്ന കോർ ബ്രാഞ്ചുകളുടെ വിജയശതമാനം സി.ഇ.ടിയിൽ മറ്റ് കോളേജുകളെക്കാൾ കൂടുതലാണ്.
വിഭാഗം----------------------------വിജയശതമാനം----------------------9നു മുകളിൽ സി.ജി.പി.എ നേടിയവർ
കംപ്യൂട്ടർ സയൻസ്-----------------------------92---------------------------------------36
ഇലക്ട്രിക്കൽ---------------------------------------91.66-----------------------------------19
ഇലക്ട്രോണിക്സ്--------------------------------------90.54-----------------------------------24
അപ്ലൈഡ് ഇലക്ട്രോണിക്സ്
ആൻഡ് ഇൻസ്ട്രുമെന്റേഷൻ------------------------86.11----------------------------------12
ഇൻഡസ്ട്രിയൽ എൻജിനിയറിംഗ്-------------85.7----------------------------------9
സിവിൽ എൻജിനിയറിംഗ്------------------------84.62-------------------------------22
മെക്കാനിക്കൽ എൻജിനിയറിംഗ്----------------84.5-----------------------------11
അദ്ധ്യാപകർക്ക് ഗവേഷണത്തിന് സാമ്പത്തിക സഹായം
തിരുവനന്തപുരം: എ.പി.ജെ. അബ്ദുൾ കലാം സാങ്കേതികശാസ്ത്ര സർവകലാശാല അഫിലിയേറ്റഡ് കോളേജുകളിലെ അദ്ധ്യാപകർക്ക് ഗവേഷണത്തിന് സാമ്പത്തിക സഹായം നൽകും. സർക്കാർ, എയ്ഡഡ്, സർക്കാർ കോസ്റ്റ് ഷെയറിംഗ്, സ്വാശ്രയ എൻജിനീയറിംഗ് കോളേജുകളിൽ അഞ്ച് വർഷത്തിൽ കവിയാത്ത അദ്ധ്യാപന പരിചയമുള്ളവർക്ക് 'റിസർച്ച് സീഡ് മണി' പദ്ധതിയിലേക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്കു പരമാവധി 2 ലക്ഷം രൂപ വരെ സാമ്പത്തിക സഹായം ലഭിക്കും. പദ്ധതിയുടെ വിശദവിവരങ്ങളും അപേക്ഷയുടെ ഫോർമാറ്റും സർവകലാശാലയുടെ വെബ്സൈറ്റിൽ www.ktu.edu.in ൽ ലഭിക്കും. അപേക്ഷകൾ ഓഗസ്റ്റ് 20ന് മുൻപ് rsm@ktu.edu.in ലേക്ക് അയക്കണം.
ഖാദി ബോർഡ്
പെൻഷനേഴ്സ് അസോ.
തിരുവനന്തപുരം; ഖാദി ബോർഡ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ വാർഷിക സമ്മേളനം ഖാദി ബോർഡ് മെമ്പർ അഡ്വ.കെ.പി. രണദിവെ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് കെ.എൻ. അംബികയുടെ അദ്ധ്യക്ഷതയിൽ ജനറൽ സെക്രട്ടറി ആർ. തുളസീധരൻ പിള്ള,സെക്രട്ടറി പി.സതീശൻ നായർ,സി. സുബ്രഹ്മണ്യപിള്ള എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കെ.എൻ.അംബിക (പ്രസിഡന്റ് ),പി.സതീശൻ നായർ (സെക്രട്ടറി),സുബ്രഹ്മണ്യപിള്ള (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.