ശംഖുംമുഖം: പ്രതികൂല സാഹചര്യങ്ങളിൽ പ്രവർത്തനം തടസ്സപ്പെടാതിരിക്കാൻ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബാക്ക്-അപ്പ് എയർപോർട്ട് ഓപ്പറേഷൻ കൺട്രോൾ സെന്റർ (എ.ഒ.സി.സി) സ്ഥാപിച്ചു. നിലവിൽ വിമാനത്താവളത്തിലെ ആഭ്യന്തര ടെർമിനലിന് സമീപം പ്രവർത്തിക്കുന്ന എ.ഒ.സി.സിക്കു പുറമെയാണ് എയർസൈഡിലെ ഫയർ റെസ്‌ക്യൂ കെട്ടിടത്തിൽ പുതിയ ബാക്ക്-അപ്പ് എ.ഒ.സി.സി സജ്ജീകരിച്ചത്.

എസ്.ഐ.ടി.എ സോഫ്റ്റ്‌വെയർ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന എ.ഒ.സി.സിയാണ് എയർലൈനുകളുടെ സർവീസുമായി ബന്ധപ്പെട്ട നടപടികൾ വിവിധ വകുപ്പുകളും ഏജൻസികളുമായി ഏകോപിപ്പിക്കുന്നത്. ഏതെങ്കിലും സാഹചര്യത്തിൽ ഇതു തടസ്സപ്പെട്ടാലും വിമാനത്താവളത്തിന്റെ പ്രവർത്തനം ബാക്ക് അപ്പ് എ.ഒ.സി.സി വഴി സുഗമമായി നടക്കും.