മുതുമല (നീലഗിരി): തെപ്പക്കാട് ആനപ്പന്തിയിൽ കഴിഞ്ഞ ദിവസം ഒരു അതിഥി കൂടിയെത്തി. നാല് മാസം പ്രായമായ കുട്ടിക്കൊമ്പൻ. കുസൃതിക്കാരനാണ്. തെപ്പക്കാട് ആനപ്പന്തിയിൽ ഇവനെപ്പോലെ രണ്ട് പേർകൂടിയുണ്ട്. അവരെ കണ്ടതോടെ പുതിയ ആൾക്ക് കുറുമ്പ് ഒന്ന് കൂടി. അമ്മയെ നഷ്ടപ്പെട്ടവനാണ് ഇവനും. കോയമ്പത്തൂർ മരുതമലയിൽ കഴിഞ്ഞ ദിവസം അവശ നിലയിൽ കണ്ടെത്തിയ ആനയുടെ കുഞ്ഞാണ്. ആനയെ വനം വകുപ്പ് ജീവനക്കാർ ക്രെയിൽ ഉപയോഗിച്ച് നിർത്തി ചികിത്സ നൽകി. രണ്ട് ദിവസം കഴിഞ്ഞപ്പോൾ അസുഖം മാറി. അമ്മ വനത്തിലേക്ക് കയറി. പക്ഷേ, കൂടെയുണ്ടായിരുന്ന കുട്ടികുറുമ്പൻ അമ്മക്കൊപ്പം പോയില്ല. വനം വകുപ്പുകാർ ആവുന്ന പ്രയോഗമെല്ലാം നടത്തി. എന്നാൽ അമ്മയുടെ രക്ഷകരായ ഉദ്യോഗസ്ഥർക്കൊപ്പം വരാനായിരുന്നു അവനിഷ്ടം. ആനത്താവളത്തിലെ കൂട്ടിൽ പരിചരണത്തിലാണ്. ലാക്ടോജിൻ കലക്കിയ പാലടക്കമുളള ആഹാര സാധനങ്ങളാണ് നൽകുന്നത്. 24 മണിക്കൂറും നിരീക്ഷിക്കാനായി പ്രത്യേകം പരിശീലനം ലഭിച്ച ആനപ്പാപ്പാന്മാർ കാവലുണ്ട്. മുതിർന്ന ആനകൾ അടക്കം തെപ്പക്കാട് ആനപ്പന്തിയിൽ മുപ്പതോളം ആനകളാണ് ഉള്ളത്. രഘു എന്ന കുട്ടിയാനയെ വളർത്തി ലോക ശ്രദ്ധ പിടിച്ച് പറ്റിയ ബൊമ്മനും ബെല്ലിയും കേന്ദ്ര കഥാപാത്രങ്ങളായി ഓസ്കാർ പുരസ്കാരം നേടിയ ദി എലിഫന്റ് വിസ്മേഴ്സ് ഹൃസ്വ ചിത്രം ഇവിടെ നിന്നാണ് ചിത്രീകരിച്ചത്.