rahul-gandi-

കൽപ്പറ്റ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തു‌ടർച്ചയായ രണ്ടാം തവണയും വിജയം സമ്മാനിച്ച വോട്ട‌ർമാരോട് നന്ദി പറയാൻ രാഹുൽ ഗാന്ധി ഇന്ന് വയനാട് മണ്ഡലത്തിലെത്തും. ഉത്തർപ്രദേശിലെ റായ്ബറേലിയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടതിനാൽ വയനാട് ഒഴിയുമെന്ന് ഏറെക്കുറെ ഉറപ്പായ സാഹചര്യത്തിലാണ് രാഹുൽ ഗാന്ധി മണ്ഡലത്തിലെത്തുന്നത്.

വയനാട് പാർലമെന്റ് മണ്ഡലത്തിൽ രണ്ടിടങ്ങളിലാണ് ഇന്ന് രാഹുലിന്റെ സ്വീകരണ പരിപാടി. ഉച്ചയ്ക്ക് 12 മണിയോടെ കരിപ്പൂരിൽ വിമാനമിറങ്ങുന്ന രാഹുൽ ഗാന്ധി, എടവണ്ണയിൽ യു.ഡി.എഫ് സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കും. തുടർന്ന്‌ റോഡ് മാർഗം കൽപ്പറ്റയിലെത്തും. ഉച്ചയ്ക്ക് രണ്ടുമണിക്ക് പുതിയ ബസ് സ്റ്റാൻഡിൽ പൊതുസമ്മേളനം. പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പമുണ്ടാകുമെന്ന് അറിയിച്ചിരുന്നെങ്കിലും സാങ്കേതികകാരണങ്ങളാൽ പിന്മാറി. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയവർ പങ്കെടുക്കും.