കൽപ്പറ്റ: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി ജെ. എസ്. സിദ്ധാർത്ഥിന്റെ റാഗിംഗ് മരണത്തിൽ പ്രതികളായ വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാൻ അനുമതി നൽകിയ ഹൈക്കോടതി വിധിക്കെതിരെ സർവകലാശാല അപ്പീൽ നൽകി. രണ്ട് കേസുകളിലാണ് ഇന്നലെ രാത്രി അപ്പീൽ നൽകിയത്. മറ്റ് രണ്ട് കേസുകളിൽ തിങ്കളാഴ്ച അപ്പീൽ നൽകും.
അവസാനവർഷ, രണ്ടാം വർഷ വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാൻ അനുമതി നൽകിയ രണ്ട് വിധികൾക്കെതിരെയാണ് അപ്പീൽ നൽകിത്. ആന്റി റാഗിംഗ് കമ്മിറ്റി കഴിഞ്ഞ ദിവസം അപ്പീൽ രേഖകൾ തയ്യാറാക്കിയിരുന്നു.
എട്ട് പേർക്കാണ് പരീക്ഷയെഴുതാൻ അനുമതി നൽകിയത്. വിധിയെ തുടർന്ന് പ്രതികൾ ഒരു വിഷയത്തിൽ പരീക്ഷയെഴുതി. അവസാന വർഷ വിദ്യാർത്ഥികളായ രണ്ടാം പ്രതി ആർ. എസ്. കാശിനാഥൻ, മൂന്നാം പ്രതി അമീൻ അക്ബർ അലി, നാലാം പ്രതി കെ. ആർ.അരുൺ എന്നിവർ പൂക്കോട് സർവകലാശാലയിൽ പ്രവേശനം നിഷേധിച്ചതിനാൽ മണ്ണൂത്തി സർവകലാശാലാ കേന്ദ്രത്തിലാണ് പരീക്ഷ എഴുതിയത്. ഒരു വർഷത്തേക്ക് പുറത്താക്കിയ രണ്ടാം വർഷ വിദ്യാർത്ഥി കൃഷ്ണലാലും കോടതി വിധിയെ തുടർന്ന് പൂക്കോട് കാമ്പസിൽ പരീക്ഷ എഴുതി. ഇയാൾക്ക് കാമ്പസിൽ പ്രവേശന വിലക്ക് ഇല്ലായിരുന്നു. മൂന്ന് പ്രതികളെ റെക്കാഡ് ബുക്കും ടേം പേപ്പറും സമർപ്പിക്കാതെ വെള്ളിയാഴ്ച പ്രാക്ടിക്കൽ പരീക്ഷ ചെയ്യാനും അനുവദിച്ചു.
സിദ്ധാർത്ഥന്റെ മാതാപിതാക്കൾ
ഗവർണറെ കണ്ടു
തിരുവനന്തപുരം: പൂക്കോട് സർവകലാശാലയിലെ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥന്റെ മരണത്തിൽ പ്രതിപ്പട്ടികയിലുള്ളവരെ പരീക്ഷയെഴുതാൻ അനുവദിക്കരുതെന്നാവശ്യപ്പെട്ട് അച്ഛൻ ജയപ്രകാശും അമ്മയും ഷീബയും ഗവർണർക്ക് പരാതി നൽകി. പ്രതികളെ പരീക്ഷ എഴുതിക്കാനുള്ള സർവകലാശാലയുടെ നീക്കം തടയണമെന്നാവശ്യം. പ്രതികൾ പ്രാക്ടിക്കൽ പരീക്ഷയെഴുതിയത് ചട്ടം ലംഘിച്ചാണെന്നും വെറ്ററിനറി കൗൺസിൽ ഒഫ് ഇന്ത്യയുടെ ചട്ടം മറികടന്നുവെന്നും സിദ്ധാർത്ഥന്റെ മാതാപിതാക്കൾ ചൂണ്ടിക്കാട്ടി. പരിശോധിച്ച് നടപടിയെടുക്കുമെന്ന് ഗവർണർ ഉറപ്പ് നൽകിയതായി മാതാപിതാക്കൾ അറിയിച്ചു. വിശദീകരണം തേടി പരാതി വി.സിക്ക് അയയ്ക്കുമെന്ന് രാജ്ഭവൻ വ്യക്തമാക്കി.