മാവേലിക്കര: കണ്ടിയൂർ ബൈപാസ് യാഥാർത്ഥ്യമായി മൂന്നു വർഷമായിട്ടും മാവേലിക്കര നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായില്ല. ബൈപാസ് റോഡിലൂടെ നഗരത്തിലെ ഗതാഗതം തിരിച്ചുവിടാൻ ഇനിയുമായിട്ടില്ലെന്നതാണ് ഗതാഗതക്കുരുക്കിന് കാരണം. മാവേലിക്കര മുനിസിപ്പൽ ബസ് സ്റ്റാൻഡിന് പടിഞ്ഞാറുള്ള മണക്കാട് പുഞ്ചയിലൂടെ കണ്ടിയൂർ കിഴക്കേ ആൽത്തറക്ക് സമീപമെത്തുന്നതായിരുന്നു ബൈപാസ് പദ്ധതി.
ഉദ്ഘാടനം കഴിഞ്ഞിട്ടും ഗതാഗതത്തിനായി തുറന്നുകൊടുത്തത് കഴിഞ്ഞവർഷമായിരുന്നു. മിച്ചൽ ജംഗ്ഷനിൽനിന്നും പടിഞ്ഞാറോട്ടുപോകുന്ന വാഹനങ്ങളും മുനിസിപ്പൽ ബസ് സ്റ്റാൻഡിൽനിന്നും കായംകുളം, ഹരിപ്പാട് ഭാഗത്തേക്കുള്ള സ്വകാര്യ ബസ്സുകളും ബൈപാസ് റോഡുവഴി തിരിച്ചുവിട്ട് നഗരത്തിലെ ഗതാഗതകുരുക്കിന് ശാശ്വതപരിഹാരമാകുമെന്നായിരുന്നു അധികൃതരുടെ വാഗ്ദാനമെങ്കിലും ഇത് പാലിക്കപ്പെട്ടില്ല.
പ്രയോജനപ്പെടണമെങ്കിൽ രണ്ടാംഘട്ടം വരണം
1.ബൈപാസിന്റെ രണ്ടാംഘട്ടമായി ഉദ്ദേശിക്കുന്ന കിഴക്കേ ആൽത്തറ കണ്ടിയൂർ അമ്പലമുക്ക് റോഡിന്റെ നവീകരണംകൂടി യാഥാർത്ഥ്യമായാൽ മാത്രമേ ബൈപാസിന്റെ പ്രയോജനം പൂർണമായും ലഭിക്കുകയുള്ളൂ
2.ഇതിനുള്ള സ്ഥലം ഇതുവരെ അക്വയർ ചെയ്തിട്ടില്ല. 1988 ലെ നഗരസഭ കൗൺസിലിന്റെ കാലത്താണ് ഗതാഗതക്കുരുക്കിനു പരിഹാരമായി കണ്ടിയൂർ ബൈപാസ് എന്ന ആശയം രൂപപ്പെട്ടത്
3.പലതവണ ഈ നിർദേശം നഗരസഭ ബഡ്ജറ്റിൽ ഇടംപിടിച്ചിരുന്നു. തുടർന്ന് 2006 ൽ ശിലാസ്ഥാപനം നടത്തി. തുടർ നടപടികൾ മുടങ്ങിയ പദ്ധതിക്കായി 2012 ലാണ് വീണ്ടും ശ്രമം ആരംഭിച്ചത്
4.ടെൻഡർ തുകയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കാരണം കരാറുകാരൻ നിർമാണ പ്രവർത്തനങ്ങൾ ഉപേക്ഷിച്ചു. പിന്നീട്, നിരന്തര ഇടപെടലുകളിലൂടെയാണ് 3.75 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു നിർമാണം തുടങ്ങിയത്
3.13 : കോടി രൂപക്കാണ് ബൈപാസ് പൂർത്തീകരിച്ചത്
മഴപെയ്താൽ വെള്ളക്കെട്ട്
എട്ടുമീറ്റർ വീതിയുള്ള റോഡിൽ അഞ്ചരമീറ്ററാണ് ടാറിംഗ് വീതി. ടിഎ കനാലിനു കുറുകെ പാലവും ബൈപാസ് റോഡിനിരുവശവും ക്രാഷ് ബാരിയറുകളും നിർമിച്ചെങ്കിലും ബൈപാസ് റോഡ് അവസാനിക്കുന്ന പടിഞ്ഞാറുഭാഗത്ത് അശാസ്ത്രീയമായി റോഡ് നിർമിച്ചതിനാൽ വെള്ളമൊഴുകിപ്പോകാൻ സൗകര്യമില്ല.ചെറിയ മഴപെയ്താൽപ്പോലും റോഡിനിരുവശവുമുള്ള വീടുകളിൽ വെള്ളം കയറുന്നത് പതിവാണ്. ഈ കാര്യങ്ങൾ ചൂണ്ടിക്കാട്ടി ടാറിങ് നടക്കുന്ന വേളയിൽ നാട്ടുകാർ നിർമാണജോലികൾ തടസ്സപ്പെടുത്തിയിരുന്നു.
ഇഴജന്തുക്കളുടെ ശല്യം
ബൈപാസ് റോഡിൽ തെരുവുവിളക്കുകളില്ലാത്തത് സന്ധ്യകഴിഞ്ഞ് കാൽനടയാത്രികർക്ക് ബുദ്ധിമുട്ടാണ്. ബൈപാസിന്റെ ഇരുവശവും കോതപ്പുല്ല് വളർന്നുനിൽക്കുകയാണ് .പാടത്തിനു നടുവിലൂടെയുള്ള റോഡായതിനാൽ ഇഴജന്തുക്കളുടെ ശല്യവുമുണ്ട്. രാത്രി മദ്യപസംഘങ്ങൾ ഇവിടം കൈയടക്കുന്നതായും പരാതിയുണ്ട്.