മാവേലിക്കര: നവീകരണത്തിനായി അഞ്ച് വർഷം മുമ്പ് അടച്ചിട്ട മാവേലിക്കര ജില്ലാ ആശുപത്രിയിലെ പേവാർഡ് നിർമ്മാണഅനുമതിക്കായി കാത്തിരിക്കുന്നു. 1978ലാണ് മാവേലിക്കര ജില്ലാ ആശുപത്രി വളപ്പിൽ രണ്ടുനിലകളോടുകൂടിയ കെട്ടിടത്തിൽ 34 മുറികളിലായി പേവാർഡ് പ്രവർത്തനം ആരംഭിച്ചത്. കെട്ടിടം ശോച്യാവസ്ഥയിലായതിനെ തുടർന്ന് 2010ൽ പേവാർഡിന്റെ പ്രവർത്തനം നിർത്തി. പിന്നീട് 2012ൽ നവീകരണം നടത്തി തുറന്നുകൊടുത്തെങ്കിലും ഒരുവർഷം കഴിഞ്ഞപ്പോഴേക്കും കെട്ടിടത്തിന് ചോർച്ചയുണ്ടാകുകയും തറയോടുകൾ ഇളകുകയും വാതിലുകൾ അടയ്ക്കാൻ കഴിയാത്ത അവസ്ഥയിലുമായി. കൂടാതെ പലമുറികളുടേയും മേൽക്കൂരകളിൽ നിന്ന് കോൺക്രീറ്റ് ഇളകി രോഗികളുടേയും കൂട്ടിരിപ്പുകാരുടേയും ദേഹത്ത് വീണതോടെ മുറികൾ വാടകയ്ക്ക് കൊടുക്കുന്നത് വീണ്ടും നിർത്തി.
കേരളാ ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫയർ സൊസൈറ്റിക്കായിരുന്നു കെട്ടിടത്തിന്റെ പരിപാലന ചുമതല. പുതിയ പേവാർഡ് കെട്ടിടത്തിന് ജില്ലാ പഞ്ചായത്ത് പണം നൽകാൻ തയ്യാറായെങ്കിലും പഴയ കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം കെ.എച്ച്.ആർ.ഡബ്ല്യു.എസ് വിട്ടുനൽകാൻ തയ്യാറായില്ല. കെട്ടിടം വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രമേയം പാസാക്കി സർക്കാരിലേക്ക് അയച്ചിരുന്നു. എന്നാൽ പഴയകെട്ടിടം വീണ്ടും അറ്റകുറ്റപ്പമികൾ നടത്തി ഉപയോഗിക്കാമെന്നാണ് സൊസൈറ്റിയുടെ നിലപാട്. നിർമ്മാണത്തിനായി ടെണ്ടർ വിളിച്ച് രണ്ടുതവണ കരാർവെച്ചെങ്കിലും മുടങ്ങി.
..........
# എങ്ങുമെത്താത്ത നിർമ്മാണം
വിഷയത്തിൽ എം.എസ്.അരുൺകുമാർ എം.എൽ.എ നിരവധി തവണ ഇടപെടൽ നടത്തിയെങ്കിലും പുരോഗതിയുണ്ടായില്ല.
കെട്ടിടം ഉപയോഗയോഗ്യമല്ലെന്ന് പൊതുമരാമത്ത് കെട്ടിടവിഭാഗം റിപ്പോർട്ട് .
തിരുവനന്തപുരം ഗവ.എൻജിനിയറിംഗ് കോളേജിലെ വിദഗ്ധസംഘം പരിശോധനയിൽ പത്ത് വർഷം കൂടി കെട്ടിടം ഉപയോഗിക്കാൻ കഴിയുമെന്ന് സർട്ടിഫിക്കറ്റ്
നവീകരണത്തിന് കളക്ടറുടെ അനുമതിക്കായി കത്തുനൽകിയെങ്കിലും തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം വന്നതിനാൽ അനുമതികിട്ടിയില്ല.