meat

കാലികളെ കിട്ടാതെ കർഷകർ ഇളിഭ്യരായി

ആലപ്പുഴ : ജനങ്ങൾക്ക് ശുദ്ധമായ മാട്ടിറച്ചി ലഭ്യമാക്കാൻ മീറ്റ് പ്രോഡക്ടസ് ഒഫ് ഇന്ത്യ ആവിഷ്‌കരിച്ച ബൈ ബാക്ക് പദ്ധതിക്ക് തിരിച്ചടി. കഴിഞ്ഞ സംസ്ഥാന ബഡ്ജറ്റിൽ വകയിരുത്തിയ ഇരുപത് കോടിയോളം രൂപ സാമ്പത്തിക പ്രതിസന്ധി കാരണം ലഭിക്കാത്തതാണ് കാരണം. ഇതോടെ സൗജന്യമായി ലഭിക്കുന്ന ആടിനും പോത്തിനുമായി അപേക്ഷ നൽകിയ ആയിരത്തോളം കർഷകർ ഇളിഭ്യരായി. മുതൽ മുടക്കാതെ തൊഴിലും വരുമാനവും മോഹിച്ചാണ് കർഷകർ അപേക്ഷിച്ചത്.
ആടിനെയും പോത്തിനെയും കർഷകർ ഒരു വർഷം വളർത്തിയ ശേഷം മാർക്കറ്റ് വില നൽകി തിരിച്ചെടുക്കും. ഇവയെ ശാസ്‌ത്രീയമായി കശാപ്പ് ചെയ്‌ത് ശുദ്ധമായ ഇറച്ചി നാട്ടിലെങ്ങും ലഭ്യമാക്കുമെന്നും ഇതിനായി 1000 ഔട്ട്ലറ്റുകൾ ആരംഭിക്കുമെന്നുമായിരുന്നു പ്രഖ്യാപനം. അത് പാഴായി. ഇറച്ചിയിലും കന്നുകാലി സമ്പത്തിലും സ്വയംപര്യാപ്തത, ഇറച്ചിവ്യാപാരം പുഷ്ടിപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളും ഉണ്ടായിരുന്നു.

പദ്ധതി ഇങ്ങനെ

ആദ്യം അഞ്ഞൂറോളം കർഷകർക്ക് വെറ്ററിനറി ഡോക്ടർമാർ സാക്ഷ്യപ്പെടുത്തിയ ഒരു വയസുള്ള രണ്ട് പോത്ത് കുട്ടികളെയോ ഒമ്പത് മാസം പ്രായമുള്ള അഞ്ച് ആട്ടിൻകുട്ടികളെയോ സൗജന്യമായി നൽകാനായിരുന്നു പദ്ധതി. ഒരു വർഷത്തിന് ശേഷം,​ നൽകിയ സമയത്തെ വില കിഴിച്ച് ബാക്കി തുക കർഷകന് നൽകി കാലികളെ തിരിച്ചെടുക്കും. 100 കിലോയുള്ള പോത്തിൻ കുട്ടിക്ക് 15,000 രൂപയാണ് മീറ്റ് പ്രൊഡക്ട്സ് ഒഫ് ഇന്ത്യ വിലയിട്ടത്. ഒരുവർഷം കൊണ്ട് തൂക്കം 300 കിലോയാകും. കിടാരിവില, സംസ്‌കരണ, ഗതാഗത ചാർജുകൾ എന്നിവ കിഴിച്ചാൽ ഇറച്ചിക്ക് കിലോ 150 രൂപ കണക്കാക്കിയാലും കർഷകന് കുറഞ്ഞത് 30,​000 രൂപ കിട്ടുമെന്നായിരുന്നു വാഗ്ദാനം. ആടാണെങ്കിൽ പ്രസവിക്കുന്ന കുട്ടികളെ കർഷകർക്ക് സ്വന്തമാക്കാമായിരുന്നു.

സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണം പണം ലഭിക്കാത്തതാണ് പദ്ധതി വൈകുന്നത്

ഹെഡ് ഓഫീസ് ,

മീറ്ര് പ്രോഡക്‌ട്സ് ഒഫ് ഇന്ത്യ