കുട്ടനാട് : കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിലും കിഴക്കൻ വെള്ളത്തിന്റെ വരവിലും ജലനിരപ്പുയർന്ന കുട്ടനാട്ടിൽ

രണ്ടാംകൃഷിക്ക് തയ്യാറെടുക്കുന്ന പാടശേഖരങ്ങൾ മടവീഴ്ച ഭീഷണിയിലായി. കൈനകരി കൃഷിഭവന് കീഴിലെ ആറുപങ്ക്, ചെറുകാലി കായൽ, പരുത്തിവളവ് എന്നിവിടങ്ങളിലും നെടുമുടി, ചമ്പക്കുളം കൃഷിഭവനുകൾക്ക് കീഴിലെ വിവിധ പാടശേഖരങ്ങളിലുമാണ് രണ്ടാം കൃഷിക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നത്. ഇതിൽ നെടുമുടി കൃഷിഭവന് കീഴിലുള്ള 180 ഏക്കറോളം വരുന്ന പുളിക്കക്കാവ് പാടശേഖരത്തിലെ വിത പൂർത്തിയായിട്ട് പതിനഞ്ച് ദിവസം കഴിഞ്ഞതേയുള്ളൂ.

മറ്റുപാടശേഖരങ്ങളിൽ വെള്ളം വറ്റിക്കുന്ന ജോലികൾ ഏറെക്കുറെ പൂർത്തിയാക്കുകയും കൃഷി ഇറക്കുന്നതിന് മുന്നോടിയായി വിത്തുകെട്ടാനുള്ള ഒരുക്കങ്ങൾ നടത്തി വരുന്നതിനുമിടയിലാണ് കാലവർഷം ശക്തി പ്രാപിച്ചതും കിഴക്കൻ വെള്ളം ഇരച്ചെത്തിയതും. ഇതോടെ ഏതു നിമിഷവും ബണ്ടുകവിഞ്ഞോ,​ മടവീണോ വെള്ളം നിറഞ്ഞ് കൃഷിയിറക്കുന്നത് ആഴ്ചകളോളം തടസ്സപ്പെടാമെന്ന നിലയിലാണ്.

ഇനിയും കിട്ടാനുണ്ട് നെല്ലുവില

1.പുഞ്ചകൃഷിയുടെ നെല്ല് സംഭരിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും ഭൂരിഭാഗം കർഷകർക്കും അതിന്റെ പണം ലഭിച്ചില്ല

2.ഇതെന്ന് ലഭിക്കുമെന്നതിനെക്കുറിച്ച് ഒരുവിവരവുമില്ലെന്ന് കർഷകർ പറയുന്നു

3.അടുത്തിടെ കേന്ദ്രസർക്കാർ നെല്ലിന്റെ താങ്ങുവില വർദ്ധിപ്പിച്ചത് മാത്രമാണ് ഏക ആശ്വാസം.

മറ്റ് ജീവിതമാർഗങ്ങളൊന്നും ഇല്ലാത്തതുകൊണ്ടാണ് കടംമേടിച്ച് അടുത്ത കൃഷിക്കുള്ള തയ്യാറെടുപ്പുകൾ നടത്തുന്നത്

-കർഷകർ