മുഹമ്മ: ചുവപ്പ് നാടയിൽ കുടങ്ങി മുഹമ്മ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ വികസനം. ആശുപത്രിയുടെ വികസനത്തിനായി ത്രിതല പഞ്ചായത്തു സമിതികൾ സമർപ്പിച്ച കെട്ടിട സമുച്ചയത്തിന്റെ പ്ളാനും എസ്റ്റിമേറ്റും തയ്യാറാക്കി അധികൃതർക്ക് സമർപ്പിച്ചെങ്കിലും പദ്ധതിക്ക് ഇതുവരെ അനുമതി നൽകിയിട്ടില്ല. അമ്പത് കൊല്ലങ്ങൾക്ക് മുമ്പുണ്ടായിരുന്ന സൗകര്യങ്ങൾ പോലും ഇന്ന് ആശുപത്രിയിൽ അന്യമാണ്. സാമൂഹികാരോഗ്യമായി ഉയർത്തുന്നതിന് നിലവിലുണ്ടായിരുന്ന ഇരുനിലക്കെട്ടിടവും അനുബന്ധ കെട്ടിടങ്ങളും പൊളിച്ചു നീക്കി.
അരനുറ്റാണ്ട് മുന്നേ തന്നെ ഇവിടെ കിടത്തി ചികിത്സ ഉണ്ടായിരുന്നു. നിലവിൽ 24 മണിക്കൂറും മെഡിക്കൽ ഓഫീസർ ഇല്ലാത്തതുക്കൊണ്ട് കിടത്തി ചികിത്സയ്ക്ക് അനുമതിയില്ല. മെഡിക്കൽ കൊളജിൽ നിന്ന് തുടർ ചികിത്സയ്ക്കായി എത്തുന്നവർക്കുള്ള എല്ലാ മരുന്നുകളും സേവനങ്ങളും ഇവിടെ ലഭ്യമാണ്.
ജനങ്ങൾക്ക് പരമാവധി ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കാൻ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് നേതൃത്വത്തിൽ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ തെക്കെ അറ്റത്ത് പ്രവർത്തിക്കുന്ന ഫാമിലി ഹെൽത്ത് സെന്ററാണ് പ്രദേശവാസികൾക്ക് ആശ്വാസം. നിത്യേന ശരാശരി 500 ഓളം രോഗികൾ ഒ.പിയിൽ രാവിലെയും രാത്രിയുമായി എത്തുന്നുണ്ട്.മരുന്ന് സൗകര്യങ്ങളും ലഭ്യമാണ് . വൈകിട്ട് അഞ്ച് കഴിഞ്ഞാൽ ഇ.സി.ജിയും ലാബ് സൗകര്യങ്ങളും ലഭ്യമല്ല.ഇത് രോഗികളെ വലക്കുന്നുണ്ട്.
..............
'' ആലപ്പുഴ മെഡിക്കൽ കോളജിന്റെ സബ് സെന്റർ ആയി പ്രവർത്തിക്കുന്ന ചെട്ടികാട് സാമൂഹികാരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രിയായി ഉയർത്തുന്നതിന് കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള ബഹുനിലക്കെട്ടിടത്തിന്റെ പണി പുരോഗമിക്കുകയാണ്.മുഹമ്മ സാമൂഹികാര്യോഗ്യ കേന്ദ്രത്തിന് ഇനിയും കൂടുതൽ ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്.താലൂക്ക് ആശുപത്രിയായി ഉയർത്തുന്നതിന് പല കടമ്പകൾ കടക്കണം.അതിനുള്ള പരിശ്രമത്തിലാണ്.
-കെ.ഡി.മഹീധരൻ, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
....................
'' സാധാരണക്കാരാണ് ഇവിടുത്ത ജനങ്ങൾ. സ്വകാര്യ ആശുപത്രിയിൽ പോയി ചികിത്സിക്കാൻ കഴിവില്ലാത്തവരാണ്.എത്രയും വേഗം മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങൾ ലഭ്യമാകുന്ന ആശുപത്രിയായി ഇതിനെ ഉയർത്തണം .
പുരുഷോത്തമൻ കരിങ്ങാട്ടവെളി, മുഹമ്മ 12 -ാം വാർഡ് നിവാസി