ആലപ്പുഴ: തൃക്കുന്നപ്പുഴ, ആറാട്ടുപുഴ എന്നീ പഞ്ചായത്തുകളിലെ അതിഗുരുതരമായ കടൽക്ഷോഭം തടയാൻ സംരക്ഷണ ഭിത്തി നിർമ്മാണത്തിന് 142.96 ലക്ഷം രൂപയുടെ അനുമതി നൽകിയതായി മന്ത്രി റോഷി അഗസ്റ്റിൻ, രമേശ് ചെന്നിത്തല എം.എൽ.എയുടെ സബ്മിഷന് മറിപടി നൽകി. വലിയഴീക്കൽ, തറയിൽക്കടവ്, പെരുമ്പള്ളി, ആറാട്ടുപുഴ ജംഗ്ഷൻ മുതൽ മംഗലം വരെയുള്ള ഭാഗങ്ങളിലാണ് രൂക്ഷമായ കടലാക്രമണ ഭീഷണി നേരിടുന്നത്. കടലാക്രമണ ഭീഷണി നേരിടുന്നതിനായി ഏഴ് കടലാക്രമണ പ്രതിരോധ പ്രവൃത്തികൾക്ക് 142.96 ലക്ഷം രൂപയുടെ അനുമതി നൽകിയത്. വലിയഴീക്കൽ, ആറാട്ടുപുഴ, തൃക്കുന്നപ്പുഴ എന്നിവിടങ്ങളിൽ ഈ പ്രവൃത്തി നടന്നുവരുന്നു. ഹരിപ്പാട് മണ്ഡലത്തിൽ കിഫ്ബി ധനസഹായത്തോടുകൂടി വട്ടച്ചാൽ, പതിയാങ്കര, ആറാട്ടുപുഴ, നെല്ലാനിക്കൽ എന്നീ പ്രദേശങ്ങളിലായി 4.5 കിലോ മീറ്റർ നീളത്തിൽ 87.68 കോടി രൂപയുടെ 50 പുലിമുട്ടുകളുടെ പ്രവൃത്തികളാണ് നിലവിൽ കെ.ഐ.ഐ.ഡി.സി നടപ്പാക്കുന്നത്. 37 എണ്ണം പൂർത്തീകരിക്കുകയും ബാക്കി 13 എണ്ണത്തിന്റെ പ്രവൃത്തികൾ പുരോഗമിച്ചുവരികയാണെന്ന് മന്ത്രി രമേശ് ചെന്നിത്തലയെ അറിയിച്ചു.