photo

ആലപ്പുഴ: പല്ലനയിൽ തുടർച്ചയായി അനുഭവപ്പെടുന്ന കടൽക്ഷോഭത്തിൽ തീരദേശവാസികൾ ആശങ്കയിൽ. നിലവിലെ കടൽഭിത്തി താഴ്ന്നതിനാൽ തീരത്തെ നിരവധി വീടുകൾ കടലാക്രമണ ഭീഷണിയിലാണ്. പല്ലന ശ്രീദേവീക്ഷേത്ര ജംഗ്ഷൻ മുതൽ ചന്തവരെയുള്ള 750മീറ്റർ തീരത്തെ കടൽഭിത്തിയാണ് താഴ്ന്നത്. ഇവിടെയുള്ള 50 വീടുകൾ ഏത് സമയവും കടൽ കവർന്നെടുക്കും. കഴിഞ്ഞ ദിവസം ഉണ്ടായ കടലാക്രമണത്തിൽ നിരവധി തെങ്ങുകൾ കടപുഴുകി വീണു. തീരവും വീടുകളുമായി 10മീറ്റർ പോലും അകലമില്ല. ശക്തമായ കടൽക്ഷോഭത്തിൽ താഴ്ന്ന് കിടക്കുന്ന നിലവിലെ കടൽഭിത്തിയുടെ മുകളിലൂടെ കടൽവെള്ളം ഇരച്ചുകയറിയാണ് നാശം വിതയ്ക്കുന്നത്. ഈ ഭാഗത്ത് 50 വർഷം മുമ്പ് നിർമ്മിച്ച കടൽഭിത്തിയുടെ പുനർ നിർമ്മാണം നടത്തിയിട്ടില്ലെന്നാണ് തീരദേശവാസികൾ പറയുന്നത്. കടൽഭിത്തിയുടെ അടുത്തെ മണൽ ഒലിച്ചു പോയാണ് കടൽഭിത്തി താഴുന്നത്. പല്ലന ക്ഷേത്രം മുതൽ തെക്കോട്ടും പല്ലന ചന്തയിലെ പിലീംഗ് ജംഗ്ഷൻ മുതൽ വടക്കോട്ട് തോട്ടപ്പള്ളി പൊഴിമുഖം വരെയുള്ള ഭാഗങ്ങളിൽ 12-ാം ധനകാര്യ കമ്മീഷനിൽ നിന്ന് അനുവദിച്ച തുകയ്ക്ക് കടൽഭിത്തിയുടെ പുനരുദ്ധാരണം നടത്തിയിരുന്നു. എന്നാൽ ഈ പ്രദേശത്ത് കടൽഭിത്തിയുടെപുനരിധാരണത്തിന് തുക അനുവദിക്കണമെന്ന് നിരവധി തവണ സർക്കാരിനോട് തീരവാസികൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം ജലസേചന വകുപ്പ് അവഗണിച്ചെന്നാണ് നാട്ടുകാരുടെ പരാതി.

........................

# കടലാക്രമണം തടയാൻ പുലിമുട്ട്

പല്ലന ശ്രീദേവീക്ഷേത്ര ജംഗ്ഷൻ മുതൽ ചന്തവരെയുള്ള ഭാഗത്ത് ശക്തമായ കടൽ ആക്രമണം അനുഭവപ്പെടുന്നതിനാൽ, പ്രദേശത്ത് പുലിമുട്ടോടെയുള്ള കടൽഭിത്തി നിർമ്മിക്കണമെന്ന് കഴിഞ്ഞ ദിവസനം രമേശ് ചെന്നിത്തല എം.എൽ.എയോട് പ്രദേശവാസികൾ ആവശ്യപ്പെട്ടു. കടലാക്രമണ പ്രദേശം എം.എൽൽഎ നോക്കികാണുകയും ചെയ്തു. സുരക്ഷിതമായ സംരക്ഷണ ഭിത്തി നിർമ്മിക്കുന്നതിന് ജലസേചന വകുപ്പിന് നിർദ്ദേശം നൽകുമെന്ന് രമേശ് ചെന്നിത്തല ഉറപ്പ് നൽകി.