ആലപ്പുഴ: ആലപ്പുഴ നഗരസഭയുടെ ശതാബ്ദി മന്ദിരത്തിന്റെ ഉദ്ഘാടനം കഴിഞ്ഞിട്ട് മൂന്നര വർഷം. കൊവിഡ് കാലത്ത് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചു എന്നതൊഴിച്ചാൽ

ഈകെട്ടിടം കൊണ്ട് ഇന്നേവരെ ഒരു പ്രയോജനവും നാട്ടുകാർക്ക് ഉണ്ടായിട്ടില്ല. വെള്ളം,​ വെളിച്ചം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ പോലുമൊരുക്കാതെയാണ് യു.ഡി.എഫ് ഭരണകാലത്ത് കെട്ടിടം ഉദ്ഘാടനം ചെയ്തത്. തുടർന്നുവന്ന എൽ.ഡി.എഫ് ഭരണസമിതി ആഭാഗത്തേയ്ക്ക് തിരിഞ്ഞുനോക്കിയതുമില്ല. കഴിഞ്ഞ ജൂണിൽ കെട്ടിടത്തിന്റെ ഭിത്തിയോട് ചേർന്നുള്ള ‌ഡക്ടിന്റെ ഒരുഭാഗം അടർന്നുവീണിരുന്നു. ഇതോടെ ഭരണസമിതി ഇടപെട്ട് തകർന്ന ഭാഗം പുനർ നിർമ്മിക്കുകയും ഇന്റീരിയർ ജോലികളിലേക്ക് കടക്കുകയും ചെയ്തു. എന്നാൽ,​ വർഷം ഒന്നുകഴിഞ്ഞിട്ടും മന്ദിരം തുറന്നുകൊടുക്കാനായില്ല. ശതാബ്ദി മന്ദിരം യാഥാർത്ഥ്യമായി കാണാനുള്ള നഗരവാസികളുടെ കാത്തിരിപ്പ് നീളുകയാണ്.

കോടികളുടെ ബാദ്ധ്യത

#യു.ഡി.എഫ് ഭരണസമിതി 2017ലാണ് 10.47 കോടി രൂപയുടെ എസ്റ്റിമേറ്റിൽ ശതാബ്ദി മന്ദിരത്തിന്റെ നിർമ്മാണമാരംഭിച്ചത്.

#നിർമ്മാണ ചുമതലയുള്ള ഹാബിറ്റാറ്റിന് 6.25 കോടി കൈമാറി.

#2020 ഒക്ടോബറിൽ ഇന്റീരിയൽ ജോലിയടക്കം പൂർത്തിയാക്കാതെ ഉദ്ഘാടനം നടത്തി.

# ബാദ്ധ്യതയായ 4.25 കോടിയും ഫർണിഷിംഗിനുള്ള മൂന്ന് കോടിയിലധികം രൂപയും കണ്ടെത്തേണ്ട ചുമതല പുതിയ ഭരണസമിതിക്കായി.

നിലകൾ അഞ്ച്

#എല്ലാനിലയിലും വിശ്രമസ്ഥലം, ടോയ്ലറ്റ്

#എ.സി മിനി കോൺഫറൻസ് ഹാൾ

#അംഗപരിമിതർക്ക് പ്രത്യേക ഇരിപ്പിടം

#ജനസേവനകേന്ദ്രം

#ആരോഗ്യ, പെൻഷൻ വിഭാഗങ്ങൾക്ക് പ്രത്യേക സൗകര്യം

#വിശാലമായ കൗൺസിൽ കോൺഫറൻസ് ഹാൾ

ശതാബ്ദി മന്ദിരത്തിന് വേണ്ടി വർഷങ്ങളായി നാട്ടുകാർ കാത്തിരിക്കുന്നു. ഇനിയെങ്കിലും അലംഭാവം വെടിഞ്ഞ് ആലപ്പുഴയുടെ സ്വപ്ന പദ്ധതികൾ പ്രാവർത്തികമാക്കാൻ ഭരണകർത്താക്കൾ തയാറാകണം

- സലിം, പൊതുപ്രവർത്തകൻ