കായംകുളം: ഡി.വൈ.എഫ്.ഐ കായംകുളം മുൻ ഏരിയ സെക്രട്ടറിയും ,സി.പി.എം പത്തിയൂർ ലോക്കൽ കമ്മിറ്റി അംഗവുമായ പ്രേംജിത്തിനെതിരെ യുവതി കായംകുളം പൊലീസിൽ ലൈംഗികാതിക്രമ പരാതി നൽകി. പ്രേംജിത്തിന്റെ അമ്മയുടെ പേരിൽ ഏനാകുളങ്ങരയിലുള്ള ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് പരാതിക്കാരി. പ്രേംജിത്ത് തന്നെ നിരന്തരമായി ലൈംഗികമായി ചുഷണം ചെയ്യാൻ
ശ്രമിക്കുന്നുവെന്നാണ് പരാതി .ഭീക്ഷണിയെ തുടർന്ന് യുവതി ജോലി ഉപേക്ഷിച്ചു. വീണ്ടും ശല്യം തുടർന്നതോടെയാണ് പരാതിപ്പെട്ടത്. എന്നാൽ, രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതായും യുവതി ആരോപിച്ചു.
കഴിഞ്ഞ വർഷമാണ് പരാതിക്കാരി സ്ഥാപനത്തിൽ ജോലിക്ക് ചേർന്നത്. ലൈംഗിക ചൂഷണത്തിനെതിരെ പലതവണ താക്കീത് ചെയ്‌തെങ്കിലും ശല്യം തുടർന്നു. ജോലി ഉപേക്ഷിച്ചെങ്കിലും, സ്ഥാപനത്തിൽ 10 ലക്ഷം രൂപയുടെ കുറവുണ്ടെന്നും കണക്ക് നോക്കണമെന്നും പറഞ്ഞ് വീണ്ടും വിളിപ്പിച്ചു. തുടർന്ന് അടച്ച മുറിയിൽ വച്ച് പ്രേംജിത്തും കൂട്ടുകാരും ചേർന്ന് ഭീക്ഷണപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. കായംകുളം പൊലീസ് കേസെടുത്തു. എന്നാൽ, സ്ഥാപനത്തിൽ നിന്ന് പത്ത് ലക്ഷം രൂപയോളം നഷ്ടപ്പെട്ടത് ചോദ്യം ചെയ്യുക മാത്രമാണുണ്ടായതെന്നും ,തെളിവുകൾ പൊലീസിന് കൈമാറിയിട്ടുണ്ടെന്നും പ്രേംജിത്ത് പറഞ്ഞു.