ചേർത്തല: കേരളവും ദേശീയ ജനാധിപത്യ സഖ്യത്തിന് പാകപ്പെട്ടുവെന്നും ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എൻ.ഡി.എ മുന്നണി നിർണായക ശക്തിയാകുമെന്നും ബി.ഡി.ജെ.എസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ബി.ഡി.ജെ.എസ് സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ചേർത്തല കരപ്പുറം റസിഡൻസിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മുന്നണിയുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജൂലായ് 16 ന് വനിത– യുവജന കൺവെൻഷനുകൾ ചേർത്തലയിൽ നടത്താനും തുടർന്ന് സംസ്ഥാന നേതൃക്യാമ്പ് സംഘടിപ്പിക്കാനും തീരുമാനിച്ചു. ആഗസ്റ്റ് 10 മുതൽ സംസ്ഥാനത്തുടനീളം തുഷാർ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിൽ നടക്കുന്ന 'ഗ്രാമ വിജയ് യാത്ര'യുടെ മുന്നൊരുക്കങ്ങളും യോഗം വിലയിരുത്തി. കെ.പത്മകുമാർ,തമ്പി മേട്ടുതറ,കെ.എ.ഉണ്ണികൃഷ്ണൻ, അഡ്വ.പി.എസ്.ജ്യോതിസ്,അനിരുദ്ധ് കാർത്തികേയൻ,പച്ചയിൽ സന്ദീപ്,രാജേഷ് നെടുമങ്ങാട്,എ.ബി.ജയപ്രകാശ്,അനീഷ് പുല്ലുവേലിൽ എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡന്റുമാരായ ഗിരി പാമ്പനാൽ,അജി ഇരിട്ടി,അതുല്യഘോഷ്,എം.പി.സെൻ, ശ്രീകുമാർ തട്ടാരത്ത്,അഡ്വ.പ്രതീഷ് പ്രഭാ,ഡോ.ആനന്ദരാജ്,പരുത്തിപ്പള്ളി സുരേന്ദ്രൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സംസ്ഥാന വൈസ് പ്രസിഡന്റ് എ.ജി തങ്കപ്പൻ സ്വാഗതവും അഡ്വ.സംഗീത വിശ്വനാഥൻ നന്ദിയും പറഞ്ഞു.
വെള്ളാപ്പള്ളിക്ക്
പിന്തുണ
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സമൂഹ മദ്ധ്യത്തിൽ അധിക്ഷേപിക്കാൻ ബോധപൂർവ്വമായ ശ്രമം ചില കേന്ദ്രങ്ങളിൽ നിന്നുണ്ടാകുന്നു.
മത തീവ്രവാദികളും ചില രാഷ്ട്രീയ കക്ഷികളുമാണ് ഇതിനു പിന്നിൽ. ന്യൂനപക്ഷ സമുദായത്തിന് അനർഹമായ പരിഗണന രാഷ്ട്രീയത്തിലും സർക്കാരിലും നൽകുന്നതിന് എതിരെയാണ് അദ്ദേഹം പറഞ്ഞത്. സാമൂഹ്യ നീതിയും,സാമൂഹിക,സാമ്പത്തിക
സർവേയും നടപ്പിലാക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യം ഇന്ന് കേരള പൊതു സമൂഹം ഏറെ ചർച്ച ചെയ്യുകയാണ്. എൻ.ഡി.എയുടെ വോട്ട് ശതമാനം ഉയർത്തുന്നതിനുള്ള പ്രധാന പാർട്ടിയായി ബി.ഡി.ജെ.എസ് മാറിയതോടെ ഇടത്, വലത് മുന്നണികൾ കൂട്ടായി യോഗത്തേയും ബി.ഡി.ജെ.എസിനേയും ആക്രമിക്കുകയാണ്. വെള്ളാപ്പള്ളി നടേശന് എതിരായ ഏതാക്ഷേപത്തെയും ശക്തമായി നേരിടുമെന്നും ജനറൽ സെക്രട്ടറിക്ക് എല്ലാ പിന്തുണയും നൽകുമെന്നും യോഗം അംഗീകരിച്ച പ്രമേയത്തിൽ പറഞ്ഞു.