തുറവൂർ : ദേശീയപാതയിൽ ഉയരപ്പാത നിർമ്മാണം നടക്കുന്ന അരൂർ മുതൽ തുറവൂർ വരെയുള്ള ഭാഗത്തെ സർവീസ് റോഡ് ടാറിംഗ് നാളെ മുതൽ ആരംഭിക്കുന്നതിനാൽ ഗതാഗതം നിയന്ത്രണം ഏർപ്പെടുത്തും. മന്ത്രി പി.പ്രസാദ് ഓൺലൈനായി നടന്ന യോഗത്തിലാണ് തീരുമാനം. മൂന്ന് ദിവസത്തേക്കാണ് ഗതാഗത നിയന്ത്രണം. മേൽപ്പാലത്തിനോട് ചേർന്ന് കിഴക്കുവശത്തെ സർവീസ് റോഡാണ് ആദ്യം ടാർ ചെയ്യുന്നത്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ് പ്രകാരം ജില്ലയിൽ അടുത്ത മൂന്ന് ദിവസം ഗ്രീൻഅലർട്ടാണ്. ദിവസങ്ങളിൽ ടാറിംഗ് പണി പൂർത്തിയാക്കാമെന്നാണ് പ്രതീക്ഷ. മഴ പെയ്താൽ ടാറിംഗ് ഒരു ദിവസത്തേക്ക് നീട്ടിവയ്ക്കും. യോഗത്തിൽ എം.എൽ.എമാരായ ദലീമ ജോജോ, പി.പി.ചിത്തരഞ്ജൻ, എച്ച്.സലാം, യു.പ്രതിഭ, തോമസ് കെ.തോമസ്, കളക്ടർ അലക്‌സ് വർഗീസ് എന്നിവർ പങ്കെടുത്തു.

ദേശീയപാതയിൽ അരൂക്കുറ്റി ബസ്റ്റോപ്പ് മുതൽ തുറവൂർ ജംഗ്ഷൻ വരെയുള്ള തെക്ക് ഭാഗത്തേക്ക് പോകുന്ന റോഡിലെ ടാറിംഗാണ് ആദ്യം പൂർത്തിയാക്കുക.

വാഹനങ്ങൾ വഴിതിരിച്ചുവിടും

# അരൂർ നിന്ന് തുറവൂർ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ അരൂർ അമ്പലം ജംഗ്ഷൻ നിന്ന് അരൂക്കുറ്റി വഴി തിരിഞ്ഞ് തൈക്കാട്ടുശ്ശേരി, മാക്കെകടവ് വഴി തുറവൂർ ജംഗ്ഷനിലെത്തും.

# മേൽപ്പാലത്തിന്റെ പടിഞ്ഞാറ് വശത്തെ സർവീസ് റോഡ് ടാറിംഗ് തുടർന്നുള്ള ദിവസങ്ങിൽ നടത്തും. ഈ ദിവസങ്ങളിൽ അരൂർ നിന്ന് തുറവൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ അരൂക്കുറ്റി ബസ് സ്റ്റോപ്പിൽ നിന്ന് തിരിഞ്ഞ് അരൂക്കുറ്റി, തൃച്ചാട്ടുകുളം, മാക്കേക്കടവ് വഴി ദേശീയപാത തുറവൂർ ബസ് സ്റ്റോപ്പിൽ പ്രവേശിക്കും.

# എറണാകുളം ഭാഗത്തേക്കുള്ള വാഹനങ്ങൾ മേൽപ്പാലത്തിനോട് ചേർന്നുള്ള കിഴക്കുഭാഗത്തെ ടാറിംഗ് പൂർത്തിയായ റോഡിലൂടെ വടക്കോട്ട് കടത്തിവിടും. കണ്ടെയ്‌നർ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾക്ക് സമയക്രമം ഏർപ്പെടുത്താനും മന്ത്രി നിർദേശിച്ചു.

# തൃശ്ശൂർ ഭാഗത്തുനിന്ന് ആലപ്പുഴ വഴി പോകേണ്ട വാഹനങ്ങൾ അങ്കമാലിയിൽ നിന്ന് തിരിച്ച് എം.സി റോഡ് വഴി നിയന്ത്രിക്കും. റോഡിലെ ചെളി നീക്കം ചെയ്യുന്നതിനുള്ള അടിയന്തര നടപടി കൈക്കൊള്ളാൻ മന്ത്രി ദേശീയപാത അധികൃതർക്ക് നിർദേശം നൽകി. സ്‌കൂളുകൾക്ക് മുന്നിലെ വെള്ളക്കെട്ടുകൾ ഉടൻ നികത്തും.

നിയന്ത്രണം:

3, 4, 5 തീയതികളിൽ