ചേർത്തല:താലൂക്കിന്റെ തെക്കൻ ഭാഗങ്ങളിലായി ചിട്ടിസ്ഥാപനം നടത്തി മൂന്നരകോടിയുടെ തട്ടിപ്പു നടത്തിയതായി പരാതി.എറണാകുളം കേന്ദ്രീകരിച്ചുള്ള സ്ഥാപനത്തിന്റെ മാരാരിക്കുളം,അർത്തുങ്കൽ,ചേർത്തല,അയ്യപ്പഞ്ചേരി,ആലപ്പുഴ ശാഖകളിലായാണ് തട്ടിപ്പു നടന്നത്.ഇത് സംബന്ധിച്ച് 70 ഓളം പേർ ഒപ്പിട്ടപരാതി കളക്ടർക്കും ജില്ലാ പൊലീസ് മേധാവിക്കും,ചേർത്തല ഡിവൈ.എസ്.പിക്കും നൽകിയിട്ടുണ്ട്.പരാതിയെ തുടർന്ന് സ്ഥാപനയുടമയുമായി പൊലീസിന്റെ സാന്നിദ്ധ്യത്തിൽ ചർച്ച നടന്നെങ്കിലും ഉടമ ചിട്ടിതുക നൽകിയില്ലെന്നാണ് പരാതി.ഇതേതുടർന്ന് പണം നഷ്ടപ്പെട്ടവർ ചേർന്നു രൂപം നൽകിയ കർമ്മസമിതി ചിട്ടിസ്ഥാപനത്തിന്റെ മാരാരിക്കുളം ശാഖയ്ക്ക് മുന്നിൽ പ്രതിഷേധിച്ചു.ചിട്ടി നിക്ഷേപത്തിനായി സ്ഥാപനം നിയോഗിച്ചിരുന്ന ജീവനക്കാരും കബളിപ്പിക്കപെട്ടതായി ആരോപിച്ച് കർമ്മ സമിതിക്കൊപ്പം സമരത്തിനിറങ്ങിയിട്ടുണ്ട്. തുകപോയിട്ടും വിവിധ സ്‌റ്റേഷനുകളിൽ പരാതി നൽകിയിട്ടും ചിട്ടിസ്ഥാപന ഉടമക്കെതിരെ പൊലീസ് കേസെടുക്കുന്നില്ലെന്ന് കർമ്മസമിതി ചെയർമാൻ എസ്.രാജേഷ്,കൺവീനർ കെ.വി.ശിവദാസൻ,വൈസ് ചെയർമാൻ സൈനുസിംസൺ,ജോയിന്റ് കൺവീനർ എസ്.ഷിതമോൾ എന്നിവർ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
പ്രാഥമിക അന്വേഷണത്തിൽ 400 ഓളം പേരുടെ പണം നഷ്ടമായിട്ടുണ്ടെന്നാണ് വിവരം.സാധാരണക്കാരായവരാണ് പ്രധാനമായും കബളിപ്പിക്കപെട്ടവർ.ചിട്ടിയുടെ പേരിൽ സമാഹരിച്ച തുക തിരികെ കിട്ടാൻ സമരം ശക്തമാക്കാനുള്ള നടപടികൾ കർമ്മസമിതി തുടങ്ങി.അടുത്ത ദിവസം മുതൽ എല്ലാ ശാഖകൾക്കു മുന്നിലും സമരം തുടങ്ങും.