ആലപ്പുഴ: സംസ്ഥാനത്ത് ആദ്യമായി നാല് വർഷ ബിരുദ കോഴ്സ് ബാച്ചിലെത്തുന്ന വിദ്യാർത്ഥികളുടെ പ്രവേശനോത്സവം കലാലയങ്ങളിൽ ആഘോഷമായി. ജില്ലയിലെ എല്ലാ കലാലയങ്ങളിലും പാട്ടും ആട്ടവുമായാണ് ആദ്യദിനത്തിൽ വിദ്യാർത്ഥികളെ വരവേറ്റത്. ഒരേ സമയം ആശങ്കയും ആഹ്ലാദവും നിറഞ്ഞ അന്തരീക്ഷത്തിലായിരുന്നു പുതുമുഖങ്ങൾ. മിക്ക ക്യാമ്പസുകളിലും നാടൻ പാട്ട്, നൃത്തം, മധുരവിതരണം തുടങ്ങിയ പരിപാടികൾ നടത്തി. യൂണിയൻ ഭാരവാഹികൾ പൂക്കൾ നൽകിയാണ് ചില കോളേജുകളിൽ കുട്ടികളെ വരവേറ്റത്.
മൂന്ന് വർഷ ഡിഗ്രിക്കൊപ്പം പി.ജി ഒരുവർഷമായി മാറുന്നുവെന്നത് സന്തോഷമാണ്. എന്നാൽ പുതിയ രീതിയിൽ ആശങ്കകളുണ്ട്. അവബോധ ക്ലാസുകളിലൂടെ അവ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. പാഠ്യ വിഷയത്തിനൊപ്പം മറ്റ് വിഷയങ്ങൾ പഠിക്കാനും അവസരം കിട്ടും
- എ.അഖിൽ,
ഒന്നാം വർഷ, ബിഎസ്.സി ഫിസിക്‌സ്
എസ്.ഡി കോളേജ് ആലപ്പുഴ
നാല് വർഷ ബിരുദത്തിന് ശേഷം പ്രവേശന പരീക്ഷയില്ലാതെ പി.എച്ച്.ഡിക്ക് പ്രവേശനം നേടാം. സാധാരണ ബിരുദത്തിനെക്കാൾ ജോലി സാധ്യത കൂടുതലുണ്ട്. ഇഷ്ടമില്ലാത്ത വിഷയങ്ങൾ അടിച്ചേൽപ്പിക്കുന്നതിന് പകരം ഇഷ്ടമുള്ള മറ്റ് വിഷയങ്ങൾ തിരഞ്ഞെടുക്കാൻ അവസരം കിട്ടും
- ആദിത്യ ഷിബു
ഒന്നാം വർഷ, ബി.എ മലയാളം
എസ്.ഡി കോളേജ്