njanavarsham

മാന്നാർ: വിത്യസ്ത വിഷയങ്ങളിൽ അറിവിന്റെ വാതായനങ്ങൾ തുറന്നിട്ട് മാന്നാർ തൃക്കുരട്ടി മഹാദേവർക്ഷേത്രത്തിൽ ഉപദേശക സമിതിയുടെ ആഭിമുഖ്യത്തിൽ എല്ലാ ആഴ്ചകളിലും നടന്നു വരുന്ന, 'സമന്വയ ഗ്ലോബലി'ന്റെ ജ്ഞാനവർഷം സഭയിൽ മധു വാരണാസി കഥകളിയുടെ അറിവ് പകർന്ന് നൽകിയത് ശ്രദ്ധേയമായി. കഥകളിയുടെ ഉത്ഭവം, നടന ശൈലി, നവരസങ്ങൾ മുതലായ കഥകളിയുടെ അടിസ്ഥാന അറിവുകളാണ് പ്രശസ്ത കഥകളി കലാകാരനും വാരണാസി നാരായണൻ നമ്പൂതിരിയുടെ കൊച്ചുമകനുമായ മധു വാരണാസി പകർന്നു നൽകിയത്. മാന്നാർ നായർ നായർസമാജം ബോയ്സ് ഹൈസ്കൂൾ അദ്ധ്യാപകൻ കൂടിയായ മധു വാരണാസി പകർന്നു നൽകിയ കഥകളി എന്ന കലാരൂപത്തിന്റെ ശാസ്ത്രവശങ്ങൾ സഭയിൽ പങ്കെടുത്ത ആബാലവൃദ്ധം ജനങ്ങൾക്കും ഒരു കഥകളി വിരുന്നായി മാറി. വ്യത്യസ്ത വിഷയങ്ങളിൽ പ്രഗത്ഭരായ വ്യക്തിത്വങ്ങളാണ് ഓരോ ആഴ്ചയിലും ജ്ഞാന സഭയിൽ ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്. എല്ലാ ആഴ്ചയിലും ശനി, ഞായർ ദിവസങ്ങളിൽ വൈകിട്ട് 5 നാണ് ജ്ഞാനസഭ നടക്കുന്നത്.