ചേർത്തല: ഓഹരിവിപണിയിൽ വൻ ലാഭം വാഗ്ദാനം ചെയ്ത് ചേർത്തലയിലെ ഡോക്ടർ ദമ്പതികളിൽ നിന്ന് 7.65 കോടി തട്ടിയ സംഭവത്തിൽ മൂന്നുപേർ ചേർത്തല പൊലീസിന്റെ പിടിയിലായതായി സൂചന. ഒരാൾ നിരീക്ഷണത്തിലാണ്. കോഴിക്കോട് സ്വദേശികളാണ് പിടിയിലായത്. തട്ടിപ്പിൽ ഇവരുടെ പങ്കാളിത്തം പൊലീസ് പരിശോധിച്ചുവരികയാണ്. കോഴിക്കോട് നിന്നാണ് ഇവരെ പിടികൂടിയത്. ഗുജറാത്ത് കേന്ദ്രീകരിച്ചാണ് പ്രധാനമായും തട്ടിപ്പ് നടത്തിയെന്നാണ് വിവരം. വിവിധ സംസ്ഥാനങ്ങളിലെ ഏതാനും ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്. എന്നാൽ, പ്രതികളെക്കുറിച്ചുള്ള കൂടുതൽ വിവരം പൊലീസ് പുറത്തുവിട്ടിട്ടില്ല.
ബാങ്കുകളിലും ഇടപാടുകളിലും വിശദമായ പരിശോധന തുടരുകയാണ്. അഞ്ചു കോടിക്ക് മുകളിലുള്ള തട്ടിപ്പായതിനാൽ പ്രാഥമിക അന്വേഷണത്തിന് ശേഷം സംസ്ഥാന ക്രൈംബ്രാഞ്ചിന് കേസ് കൈമാറുമെന്നാണ് വിവരം. സംസ്ഥാനത്തെ ഏറ്റവും വലിയ ഓൺലൈൻ സാമ്പത്തിക തട്ടിപ്പെന്നാണ് പൊലീസ് നിലപാട്. 10 ദിവസം മുമ്പ് ഡോ.വിനയകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചേർത്തല പൊലീസ് അന്വേഷണം തുടങ്ങിയത്.