ആലപ്പുഴ : മകളുടെ തിരോധാനത്തിന് ഉത്തരം കിട്ടാതെ വർഷങ്ങൾക്ക് മുമ്പ് കലയുടെ അമ്മ ചന്ദ്രികയും പിന്നാലെ അച്ഛൻ ചെല്ലപ്പനും മരണപ്പെടുകയും മിസിംഗ് കേസിലെ പൊലീസ് അന്വേഷണം പതിവ് ശൈലിയിൽ അവസാനിക്കുകയും ചെയ്തത് കൊലപാതകം പുറം ലോകം അറിയാതിരിക്കാൻ സഹായകമായി. ചെന്നിത്തല പഞ്ചായത്തിലെ പായിക്കാട്ട് മീനത്തതിൽ വീട്ടിൽ ചെല്ലപ്പന്റെയും വീട്ടമ്മയായ ചന്ദ്രികയുടെയും ഇളയ മകളായ കലയും മേസ്തരിപ്പണിക്കാരനായ അനിലും തമ്മിൽ ഇഷ്ടത്തിലായിരുന്നു. അനിലിന്റെ വീട്ടുകാർക്ക് ഇതരസമുദായക്കാരിയായ കലയുമായുളള വിവാഹത്തിന് താൽപര്യമുണ്ടായില്ല. വീട്ടുകാരുടെ അനിഷ്ടം കണക്കിലെടുക്കാതെ കലയെ വിവാഹം ചെയ്ത അനിൽ കലയുടെയും കലയുടെ സഹോദരൻ കവികുമാറിന്റെയും വീട്ടിലുമായിട്ടായിരുന്നു താമസം. കല- അനിൽ ദമ്പതികൾക്ക് ഒരു കുട്ടിയായശേഷമാണ് അനിലിന്റെ വീട്ടുകാർ ഇവരുമായി സഹകരിക്കാൻ തയ്യാറായത്. അനിലിന്റെ വീട്ടുകാരുമായി യോജിപ്പിലെത്തിയശേഷം ഇരുവരും തമ്മിൽ പ്രശ്നങ്ങൾ തലപൊക്കി. അനിലുമായി പിണങ്ങി കുടുംബ വീട്ടിലെത്തിയ കലയെയും കുഞ്ഞിനെയും അനിൽ പിന്നീട് അനുനയിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി. 2009ൽ ടൂറുപോകാനെന്ന വ്യാജേന കലയെ കാറിൽ കയറ്റിക്കൊണ്ടുപോയശേഷം കൊലപ്പെടുത്തി വീട്ടിലെ സെപ്റ്റിക് ടാങ്കിൽ ഒളിപ്പിക്കുകയായിരുന്നു. കലയെ കാണാതായ സംഭവത്തിൽ പൊലീസിൽ പരാതി നൽകിയ അനിൽ ആർക്കും സംശയം തോന്നാതിരിക്കാൻ ഏതാനും ദിവസം കലയെ കണ്ടെത്താനെന്ന പേരിൽ പലയിടത്തും ചുറ്റിക്കറങ്ങി.
ഇതിനിടെ കുഞ്ഞിനെയും തന്നെയും ഉപേക്ഷിച്ച് കല മറ്റാർക്കോ ഒപ്പം ഒളിച്ചോടിയെന്ന നിലയിൽ പ്രചരണം നടത്തി.
ഒളിച്ചോടൽ കഥയും അനിലിന്റെ രണ്ടാം വിവാഹവും
അനിലിന്റെ വാക്കുകൾ വിശ്വസിച്ച കലയുടെ കുടുംബവും കൈക്കുഞ്ഞിനെ ഉപേക്ഷിച്ച് പോയതിന്റെ വിരോധത്തിൽ പിന്നീട് അന്വേഷണത്തിന് മുതിർന്നില്ല. കലയെ കാണാതായി രണ്ടുവർഷത്തിന് ശേഷം അനിൽ മറ്റൊരുയുവതിയെ വിവാഹം ചെയ്യുകയും അതിനുശേഷം ഗൾഫിലേക്ക് പോകുകയും ചെയ്തു. ഏതാനും വർഷം ഗൾഫിൽ ജോലി നോക്കിയ അനിൽ തിരികെ വന്ന് സൗത്ത് ആഫ്രിക്കയിലും ഏറ്റവും ഒടുവിൽ ഇസ്രായേലിലും ജോലിക്കുപോയി. അനിൽ ഇസ്രായേലിൽ തുടരുന്നതിനിടെയാണ് ഒന്നര പതിറ്റാണ്ടിന് ശേഷം ഇപ്പോൾ കലയുടെ കൊലപാതക വിവരം പുറത്തായത്. മാതാപിതാക്കളുടെ മരണത്തിനും കല നാട്ടിലെത്താതെ വന്നതോടെ ഇവരെവിടെയാണെന്ന് നാട്ടുകാർക്കും യാതൊരു സൂചനയുമുണ്ടായിരുന്നില്ല. മാന്നാർ സ്റ്റോർ ജംഗ്ഷനിൽ ഓട്ടോ ഡ്രൈവറായ കവികുമാർ, ഭിന്നശേഷിക്കാരനായ കലാധരൻ എന്നിവരാണ് കലയുടെ സഹോദരങ്ങൾ. കൈക്കുഞ്ഞിനെ ഉപേക്ഷിച്ച് പോകാനും മാതാപിതാക്കളുടെ മരണത്തിനും നാട്ടിലെത്താനും കൂട്ടാക്കാത്ത കലയെപ്പറ്റി യാതൊരു വിവരങ്ങളും അന്വേഷിക്കാൻ സഹോദരങ്ങളും തയ്യാറായില്ല. കലയുടെ കുടുംബവീടായ പായിക്കാട്ട് മീനത്തതിൽ വീട്ട് അപകടവസ്ഥയിലായതോടെ കലാധരൻ മാതൃസഹോദരിയുടെ കുടുംബത്തിനൊപ്പമാണ് താമസം.