paravoor

മണ്ണ് പരിശോധനാഫലം പ്രതികൂലം

ആലപ്പുഴ: പറവൂർ ഗവ ഹൈസ്‌കൂളിൽ പുതിയ മൂന്നുനില കെട്ടിടത്തിനായി തറക്കല്ലിട്ട പദ്ധതി പ്രതിസന്ധിയിൽ. മൂന്നുകൊല്ലം മുമ്പ് പഴയ കെട്ടിടം പൊളിച്ചുമാറ്റിയെങ്കിലും നിർമ്മാണം നീണ്ടുപോകുന്നതിനാൽ അദ്ധ്യാപകരും വിദ്യാർത്ഥികളും സ്ഥലപരിമിതിയിൽ വീർപ്പുമുട്ടുന്നത് സംബന്ധിച്ച് കേരളകൗമുദി വാർത്ത നൽകിയതിനെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരിയിലാണ് എച്ച്.സലാം എം.എൽ.എ പദ്ധതിക്ക് തറക്കല്ലിട്ടത്.

അടുത്തിടെ നടന്ന മണ്ണ് പരിശോധനയിൽ പദ്ധതി പ്രദേശത്തെ മണ്ണിന് ബലക്കുറവുണ്ടെന്ന് വ്യക്തമായി. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കിഫ്ബി വഴി നടപ്പിലാക്കുന്ന പദ്ധതിക്ക് 3 കോടി 90 ലക്ഷം രൂപയാണ് എസ്റ്റിമേറ്റ് തയാറാക്കിയിരുന്നത്. പില്ലർ പ്രതീക്ഷിച്ചതിലും താഴ്ത്തി നിർമ്മിക്കേണ്ടി വരുന്നതിനാൽ മൂന്ന് നില കെട്ടിടത്തിന് ഈ തുക പര്യാപ്തമാകില്ലെന്നാണ് വിലയിരുത്തൽ. കൂടുതൽ ഫണ്ട് അനുവദിക്കുന്ന മുറയ്ക്കാവും നടപടികൾ പുരോഗമിക്കുക. അപകട ഭീഷണിയെ തുടർന്ന് പൊളിക്കണമെന്ന് സ്കൂൾ അധികൃതർ ആവശ്യപ്പെട്ടിരുന്ന മുറികളിലാണ് നിലവിൽ വിദ്യാർത്ഥികളെ പഠിക്കാനിരുത്തുന്നത്. നൂറ്റിനാൽപ്പത് വർഷം പാരമ്പര്യമുള്ള പറവൂർ സ്‌കൂളിലാണ് മുൻമുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ പ്രാഥമിക വിദ്യാഭ്യാസം നേടിയത്.

വീർപ്പ് മുട്ടി അദ്ധ്യാപകരും വിദ്യാർത്ഥികളും

1.നിലവിലുണ്ടായിരുന്ന കെട്ടിടം പൊളിച്ചുമാറ്റുകയും, പുതിയത് യാഥാർത്ഥ്യമാകാതിരിക്കുകയും ചെയ്യുന്നതിനാൽ അദ്ധ്യാപകരും വിദ്യാർത്ഥികളും സ്ഥലപരിമിതിയിൽ വീർപ്പ് മുട്ടുന്നു

2.പറവൂർ പുന്നപ്ര മേഖലയിൽ ഏറ്റവുമധികം കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണ്. അപ്പർ പ്രൈമറി ക്ലാസ്സുകളിൽ ഓരോന്നിലും അറുപതോളം കുട്ടികൾ തിങ്ങി ഞെരുങ്ങിയിരിക്കുന്നു

3.അദ്ധ്യാപകർക്ക് ഭക്ഷണം കഴിക്കാനോ വിശ്രമിക്കാനോ ഇടമില്ല. സ്‌കൂളിന്റെ ഈ അവസ്ഥ അഡ്മിഷൻ സമയത്ത് ഇതര സ്ഥാപനങ്ങൾ മുതലെടുത്തുവെന്നും ആക്ഷേപമുണ്ട്.

4.കഴിഞ്ഞ വർഷവും മേൽക്കൂരയുടെ പ്ലാസ്റ്ററിംഗ് അടർന്നു വീണിരുന്നു. വലിയ മഴപെയ്താൽ ക്ലാസ്സിൽ വെള്ളം വീഴും. മഴക്കാലത്ത് കുട്ടികളുടെ സൈക്കിളോ അദ്ധ്യാപകരുടെ വാഹനങ്ങളോ നനയാതെ വെയ്ക്കാനിടമില്ല.

ഇങ്ങനെ പോയാൽ പറവൂർ സ്കൂളിൽ നിന്ന് കുട്ടികളുടെ കൊഴിഞ്ഞു പോക്കുണ്ടാകും. അടിയന്തിരമായി പുതിയ കെട്ടിടം നിർമ്മിക്കണം

- ചന്ദ്രദാസ്‌ കേശവപിള്ള
സാമൂഹ്യ പ്രവർത്തകൻ

കെട്ടിട നിർമ്മാണത്തിന് മുന്നോടിയായി നടത്തിയ മണ്ണ് പരിശോധനാ ഫലം പ്രതികൂലമായിരുന്നു. പദ്ധതി പ്രദേശത്ത് വർഷങ്ങൾക്ക് മുമ്പ് കുളമുണ്ടായിരുന്നു. പുതിയ എസ്റ്റിമേറ്റ് തയാറാവേണ്ടതുണ്ട്

-ഒ.ഷാജഹാൻ,

മുൻ സ്കൂൾ ചെയർമാൻ