ആലപ്പുഴ: കലയെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കിൽ തള്ളിയ കേസിൽ പൊലീസ് പിടിയിലായ മാന്നാർ കണ്ണംപ്പള്ളി വീട്ടിൽ പ്രമോദ് വീട്ടുവഴക്കിനെ തുടർന്ന് പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അമ്പലപ്പുഴ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതി. ഭാര്യയും തോട്ടപ്പള്ളി സ്വദേശിനിയുമായ യുവതിയുടെ പരാതിയിലായിരുന്നു അമ്പലപ്പുഴ പൊലീസ് ഇയാളെ അറസ്റ്ര് ചെയ്തത്. ബാഗിൽ നിന്ന് 3 ലിറ്റർ പെട്രോളും 6 ഗുണ്ടും ലൈറ്ററും കണ്ടെടുത്തിരുന്നു.ഭാര്യയെ കൊല്ലാനാണ് ഇവ കരുതിയതെന്ന് പ്രമോദ് ചോദ്യം ചെയ്യലിൽ പൊലീസിനോട് സമ്മതിച്ചു. പ്രമോദ് റിമാൻഡിൽ കഴിയവേ അമ്പലപ്പുഴ സി.ഐയ്ക്കും ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയ്ക്കും ലഭിച്ച ഊമക്കത്താണ് നിർണായകമായത്.

ജുഡീഷ്യൽ കസ്റ്റഡിയിലുള്ള പ്രമോദ് മാന്നാറിലെ കല കൊലപാതകക്കേസിലെ പ്രതിയാണെന്നും വിശദമായി ചോദ്യം ചെയ്താൽ കൊലക്കേസ് തെളിയിക്കാനാകുമെന്നുമായിരുന്നു കത്തിലെ ഉള്ളടക്കം. ഇതനുസരിച്ച് മാന്നാറിലെ മിസിംഗ് കേസിലെ വിവരങ്ങൾ ചികഞ്ഞ ജില്ലാ പൊലീസ് മേധാവി ചൈത്രാ തെരേസജോൺ അമ്പലപ്പുഴ പൊലീസിന്റെ സഹായത്തോടെ അതീവ രഹസ്യമായി നടത്തിയ അന്വേഷണത്തിലാണ് പ്രമോദിനെയും സംഘത്തെയും കുടുക്കിയത്. കസ്റ്റഡിയിലായ പ്രതികൾ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു. സ്ഫോടക വസ്തുക്കളുമായി പ്രമോദ് പിടിയിലായതിന് പിന്നാലെയെത്തിയ ഊമക്കത്ത് നിസാരമായി തള്ളാതിരുന്ന പൊലീസിന്റെ അന്വേഷണ വൈദഗ്ദ്യമാണ് ഒരിക്കലും പുറംലോകം അറിയില്ലെന്ന് കരുതിയ കൊലപാതകക്കേസ് വെളിപ്പെടാൻ ഇടയാക്കിയത്.