പരിശീലനം പൂർത്തിയാക്കിയത് 220 പേർ
ആലപ്പുഴ: ജില്ലയിലെ കിടപ്പിലായ നൂറു കണക്കിന് രോഗികൾക്ക് സാന്ത്വനത്തിന്റെ സ്നേഹസ്പർശമാകാൻ 220 പേരുടെ സേനയെ സജ്ജമാക്കി ജില്ല പഞ്ചായത്ത്. സാന്ത്വനപരിചരണം ആവശ്യമുള്ള രോഗികളെ ഇവർ വീട്ടിലെത്തി പരിചരിക്കും. പരിശീലനം പൂർത്തിയാക്കിയ സേനയുടെ പാസിംഗ് ഔട്ട് ഉദ്ഘാടനവും അംഗങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ജില്ല പഞ്ചായത്ത് ഹാളിൽ പ്രസിഡന്റ് കെ.ജി. രാജേശ്വരി നിർവഹിച്ചു.
സംസ്ഥാനത്ത് ആദ്യമായാണ് ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തിൽ പാലിയേറ്റീസ് സേന രൂപീകരിക്കുന്നതെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. സംസ്ഥാന സർക്കാർ കുടുംബശ്രീയിലൂടെ പാലിയേറ്റീവ് പദ്ധതി രൂപീകരിക്കാനൊരുങ്ങുമ്പോൾ ആലപ്പുഴ ജില്ല സംസ്ഥാനത്തിന് മാതൃകയാകുകയാണ്. പഞ്ചായത്തു തലത്തിൽ പ്രവർത്തിക്കുന്ന പാലിയേറ്റീവ് നഴ്സുമാരെയും പദ്ധതിയുമായി ബന്ധപ്പെടുത്തുമെന്നും അവർ പറഞ്ഞു.
ആലപ്പുഴ ജില്ല പഞ്ചായത്ത്, ആരോഗ്യ വകുപ്പ്, നാഷണൽ ഹെൽത്ത് മിഷൻ എന്നിവരുടെ നേതൃത്വത്തിലാണ് അംഗങ്ങൾക്ക് സാന്ത്വനപരിചരണ പരിശീലനം നൽകിയത്. ചടങ്ങിൽ ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി.എസ്. താഹ അധ്യക്ഷനായി. അംഗങ്ങളായ ആർ. റിയാസ്, ബിനു ഐസക് രാജു, ഹേമലത മോഹൻ, ഗീത ബാബു, ഡി.എം.ഒ. ഡോ.ജമുന വർഗീസ്, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. അനു വർഗീസ്, ജില്ല പഞ്ചായത്ത് സെക്രട്ടറി ആർ. ദേവദാസ് തുടങ്ങിയവർ സംസാരിച്ചു.
50വയസിൽ താഴെയുള്ളവർ
ജില്ലയിലെ 12 ബ്ലോക്കുകൾ കേന്ദ്രീകരിച്ച് പത്താം ക്ലാസ് പാസ്സായ 50 വയസ്സിനു താഴെയുള്ളവരാണ് പരിശീലനത്തിൽ പങ്കെടുത്തത്. രണ്ട് മണിക്കൂർ, ഉച്ചവരെ, ഒരു പകൽ മുഴുവൻ, പകലും രാത്രിയും എന്നിങ്ങനെ സമയക്രമം തിരിച്ചാണ് സേവനം നൽകുന്നത്. ഓരോ സേവനത്തിനും നിശ്ചിത തുക നിശ്ചയിച്ചിട്ടുണ്ട്. ബ്ലോക്കടിസ്ഥാനത്തിലുള്ള സമിതിയുടെ നിയന്ത്രണത്തിലാണ് സാന്ത്വനപരിചരണ സേന പ്രവർത്തിക്കുക.