ആലപ്പുഴ: പതിനഞ്ച് വർഷം മുമ്പ് കാനാതായ കലയെ കൊലപ്പെടുത്തിയതാണെന്ന വാർത്ത ഞെട്ടലോടെയാണ് ചെന്നിത്തല ഗ്രാമം കേട്ടത്. വിവരം അറിഞ്ഞ് പഞ്ചായത്ത് അംഗം പുഷ്പ ശശികുമാറും സമീപ പ്രദേശത്തുള്ളവരും അനിലിന്റെ വീട്ടിലേക്ക് എത്തി. ചെന്നിത്തല പഞ്ചായത്ത് മൂന്നാം വാർഡിൽ ഇരമത്തൂർ കിഴക്ക് കണ്ണംപള്ളിയിൽ അനിലിന്റെ വീട്ടിലേക്ക് കൊലപാതക വിവരം അറിഞ്ഞ് ഗ്രാമവാസികളുടെ ഒഴുക്കായിരുന്നു പിന്നീട്. അനിലും കലയും രണ്ട് സമുദായത്തിൽ പെട്ടവരായിരുന്നു. ഇരുവരും പ്രണയത്തിലാണ് വിവാഹിതരായത്. ഇവർക്ക് ഒരു ആൺകുട്ടി ജനിച്ചു. കുട്ടിക്ക് ഒരു വയസ് പ്രായമുള്ളപ്പോഴാണ് കലയെ 15വർഷം മുമ്പ് കാണാതായത്.
പിന്നീട് അനിൽ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു. ഇവർ താമസിച്ചിരുന്ന കണ്ണംപള്ളി വീട് എട്ട് വർഷം മുമ്പ് അനിൽ പുതുക്കിപ്പണിതപ്പോഴും വീടിന്റെ മുന്നിൽ ഇടതു ഭാഗത്തെ സെപ്റ്റിക് ടാങ്ക് ഇവിടെ നിന്ന് നീക്കിയിരുന്നില്ല. പ്രദേശവാസികൾ ഇത് മാറ്റാത്തതിനെകുറിച്ച് ചോദിച്ചപ്പോൾ വാസ്തുശാസ്ത്രം അനുസരിച്ച് മാറ്റേണ്ട ആവശ്യം ഇല്ലെന്ന് അനിലും കുടുംബവും പറഞ്ഞിരുന്നത്. ഇതിനിടെ ഇയാളുടെ ബന്ധു പ്രമോദ് മദ്യപിച്ച ശേഷം കലയെ കൊന്നവിവരം പുറത്തു പറയുകയായിരുന്നു. ഫോറൻസിക് വിഭാഗം എത്തി രണ്ട് സെപ്റ്റിക് ടാങ്കുകൾ പൊട്ടിച്ച് നടത്തിയ പരിശോധനയിൽ മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായിട്ടാണ് സൂചന. ഇതിനോട് ചേർന്നുള്ള മറ്റൊരുടാങ്കും പരിശോധിക്കാനാണ് പൊലീസിന്റെ തീരുമാനം ലഭിച്ച മുടിയുൾപ്പെടെയുള്ള അവശിഷ്ടങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പൊലീസ് പറഞ്ഞു.