തുറവൂർ:എസ്.എൻ.ഡി.പി യോഗം അരൂർ മേഖല യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തിൽ സൗജന്യ കരാട്ടെ പരിശീല പദ്ധതിക്ക് തുടക്കമായി.സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ നടക്കുന്ന അക്രമങ്ങൾ പ്രതിരോധിക്കുവാനും വ്യക്തി ജീവിതത്തിലെ അച്ചടക്കത്തിനും ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കുവാനുമാണ് പദ്ധതി.ഇതിന്റെ ആദ്യഘട്ടമായി തുറവൂർ തഴുപ്പ് 761-ാം നമ്പർ ശാഖയിൽ ചേർന്ന ബോധവൽക്കരണ ക്ലാസിന്റെ ഉദ്ഘാടനം മേഖലാ വൈസ് പ്രസിഡന്റ് വി.എ.സിദ്ധാർത്ഥൻ നിർവഹിച്ചു. യൂത്ത് മൂവ്‌മെന്റ് മേഖല പ്രസിഡന്റ് രാജു കുട്ടൻ അദ്ധ്യക്ഷത വഹിച്ചു.അരൂർ മേഖലയിലെ 29 ശാഖകളിലെയും 12 മുതൽ 40 വരെ പ്രായമുള്ളവർക്ക് കോഴ്സ് പൂർത്തീകരിച്ച് സർട്ടിഫിക്കറ്റ് നൽകുമെന്ന് പദ്ധതി വിശദീകരിച്ചുകൊണ്ട് കോ- ഓർഡിനേറ്റർ എൻ.എസ്.അനീഷ് പറഞ്ഞു.മേഖലാ കമ്മിറ്റി അംഗം വി.ശശികുമാർ,യൂത്ത് മൂവ്‌മെന്റ് വൈസ് പ്രസിഡന്റ് അനൂപ് കുമാർ,തഴുപ്പ് ശാഖ പ്രസിഡന്റ് സുനിൽകുമാർ കൊടത്തറ,ബിനീഷ് അമ്പാട്ട് എന്നിവർ സംസാരിച്ചു. ശാഖാ സെക്രട്ടറി ഹരീഷ് തഴുപ്പ് നന്ദിയും പറഞ്ഞു.