ആലപ്പുഴ: മദ്യം നൽകി അബോധാവസ്ഥയിലാക്കിയ ശേഷം കഴുത്തു ഞെരിച്ച് കലയെ കൊലപ്പെടുത്തിയതാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കലയെ ഭർത്താവ് അനിൽ കാറിൽ കയ​റ്റിയത് എറണാകുളത്ത് നിന്നാണെന്നും സംശയം. ആസമയം അനിൽ മാത്രമാണ് കാറിലുണ്ടായിരുന്നതെന്നാണ് മറ്റു പ്രതികളുടെ മൊഴി. ഇത് പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.

മറ്റുള്ളവർ കാറിൽ കയറിയത് കല ബോധരഹിതയായ ശേഷമാണ്. പെരുമ്പുഴ പാലത്തിൽവച്ച് അനിലും മറ്റു പ്രതികളും ചേർന്ന് കലയെ കൊലപ്പെടുത്തിയെന്നും പൊലീസ് നിഗമനം. കൃത്യത്തിനുപയോഗിച്ച കാർ ആരുടെതാണെന്നോ സംഭവശേഷം കാർ എന്ത് ചെയ്തുവെന്നോ വെളിപ്പെടുത്താൻ പൊലീസ് കൂട്ടാക്കിയിട്ടില്ല.

സെപ്ടിക് ടാങ്കിൽ നടത്തിയ പരിശോധനയിൽ മൃതദേഹാവശിഷ്ടങ്ങൾ പൂർണമായും കണ്ടെത്താത്ത സാഹചര്യത്തിൽ കൂടുതൽ സ്ഥലങ്ങളിലേക്ക് പരിശോധന വ്യാപിപ്പിക്കാനും പൊലീസ് ആലോചിക്കുന്നു. സെപ്ടിക് ടാങ്കിൽ നിന്ന് ഇനിയൊന്നും കിട്ടാൻ സാദ്ധ്യതയില്ലെന്ന് പൊലീസിനു വേണ്ടി മൃതദേഹാവശിഷ്ടങ്ങളെടുത്ത സോമൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.